ആലപ്പുഴ: 2018 പ്രളയത്തിൽ പൂർണ്ണ നാശം സംഭവിച്ച വീടുകളുടെ പുനർനിർമ്മാണം ഊർജിതപ്പെടുത്തുന്നിതന്റെ ഭാഗമായി ജില്ലാ കളക്ടർ എം അഞ്ജന കൈനകരി പഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ഇനിയും വീടുപണി ആരംഭിക്കാത്ത പലഘട്ടങ്ങളിലായി വീടുപണി മുടങ്ങിക്കിടക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് അവലോകനം ചെയ്തു. കൈനകരി പഞ്ചായത്തിൽ വാർഡ് തലത്തിൽ യോഗങ്ങൾ സംഘടിപ്പിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഓരോ ഗുണഭോക്താവിന്റെയും പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി ആയത് പരിഹരിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ കളക്ടർ നിർദ്ദേശിച്ചു.
ഡിസംബർ ആറിനു മുൻപായി ഇത് നൽകണം. 2018 റീബിൽഡ് കേരളയിൽ ഉൾപ്പെട്ട പൂർണ്ണഭവന നാശം സംഭവിച്ച എല്ലാ ഗുണഭോക്താക്കളുടെ വീടുകളും 2020 ഏപ്രിൽ 30 ന് മുമ്പായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കളക്ടർ പറഞ്ഞു. യോഗത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഷീല സജീവ് ഡെപ്യൂട്ടി കളക്ടർ എസ്. സന്തോഷ് കുമാർ, തഹസിൽദാർ വിജയസേനൻ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് മെമ്പർമാർ, ഡെപ്യൂട്ടി തഹസിൽദാർ, ചമ്പക്കുളം ബി.ഡി.ഓ, വില്ലേജ് ഓഫീസർമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, ലൈഫ്മിഷൻ എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.