അയ്യപ്പസ്വാമിയുടെ ഇഷ്ടപ്രസാദമായ അപ്പം-അരവണ വില്‍പ്പനയ്ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തും മാളികപ്പുറത്തുമായി പത്ത് ക്യാഷ് കൗണ്ടറുകളാണ് അപ്പവും അരവണയും വില്‍ക്കാന്‍ ഒരുക്കിയിട്ടുള്ളത്. മൂന്ന് കൗണ്ടറുകളിലൂടെ ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്കുള്ള വില്‍പ്പനയും നടക്കുന്നു. എ.ടി.എം. ഉപയോഗിച്ചും അരവണയും അപ്പവും വാങ്ങാന്‍ സൗകര്യമുണ്ട്.

ഒരുദിവസം ശരാശരി ഒരുലക്ഷത്തി എണ്‍പതിനായിരത്തിലേറെ ടിന്‍ അരവണയും അറുപതിനായിരം കവര്‍ അപ്പവും വില്‍പ്പന നടക്കുന്നുണ്ടെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ അറിയിച്ചു. ഒരുകവറില്‍ ഏഴ് അപ്പമാണ് ഉണ്ടാവുക. ഇരുപത്തിയൊന്ന് ലക്ഷത്തി അറുന്നൂറ്റി അന്‍പത് ടിന്‍ അരവണയും ഒന്നരലക്ഷത്തിന് മേല്‍ അപ്പവും കരുതല്‍ ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്.

അരവണ-അപ്പം നിര്‍മാണപ്ലാന്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 256 ദേവസ്വം ജീവനക്കാര്‍, 239 നിത്യകൂലിക്കാര്‍ എന്നിവരാണ് അരവണ കൗണ്ടറിലും മറ്റുമായുള്ളത്. നിര്‍മ്മാണ പ്ലാന്റില്‍ ഒരുഷിഫ്റ്റില്‍ 40ലേറെ പേര്‍ പണിയെടുക്കുന്നുണ്ട്. അപ്പനിര്‍മ്മാണത്തിനായി സന്നിധാനത്തും മാളികപ്പുറത്തും രണ്ട് പ്ലാന്റുകളാണുള്ളത്. ഒരുഷിഫ്റ്റില്‍ 70പേരാണ് പ്ലാന്റില്‍ പണിയെടുക്കുന്നത്. അരവണ-അപ്പം പ്ലാന്റുകളില്‍ മൂന്ന് ഷിഫ്റ്റായാണ് നിര്‍മ്മാണം നടക്കുന്നത്.

ഒരുദിവസം 100കൂട്ട് മാവാണ് അപ്പനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. 70 കിലോഗ്രാം അരിപ്പൊടിയും അതിനനുസരിച്ച് ശര്‍ക്കരയും നെയ്യും ചേരുന്നതാണ് ഒരുകൂട്ട്. ഒരുദിവസം 7000കിലോഗ്രാം അരിപ്പൊടി അപ്പനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നൂവെന്ന് ചുരുക്കം. ഒരുകവര്‍ അപ്പത്തിന് 35രൂപയാണ്  വിലയീടാക്കുന്നത്. ഓണ്‍ലൈന്‍ വഴിയും അപ്പം വാങ്ങാവുന്നതാണ്. 10എണ്ണമുള്ള ഒരുബോക്‌സ് അരവണയ്ക്ക് 810രൂപയാണ് വില.

ഉണക്കലരി, ശര്‍ക്കര, നാളികേരം, കല്‍ക്കണ്ടം, മുന്തിരി, ഏലയ്ക്ക്, ജീരകപ്പൊടി, ചുക്ക്‌പൊടി, നെയ്യ് എന്നിവയാണ് അരവണനിര്‍മ്മാണത്തിന് വേണ്ടത്. ഇവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് അരവണ സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. അപ്പനിര്‍മ്മാണത്തിനാവശ്യമായ അരിപ്പൊടിയും അനുബന്ധസാധനങ്ങളും സ്റ്റോക്കുണ്ടെന്ന് അപ്പം സ്‌പെഷ്യല്‍ ഓഫീസറും അറിയിച്ചു. തിരക്കേറുന്നതിനനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള സൗകര്യങ്ങളും പ്ലാന്റിലുണ്ട്. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് അപ്പവും അരവണയും ലഭ്യമാക്കാനുള്ള നടപടികളാണ് ദേവസ്വംബോര്‍ഡ് കൈകൊണ്ടിട്ടുള്ളത്.