അഭിഷേകത്തോടുള്ള പ്രിയംപോലെ ശുദ്ധിയുടെ കാര്യത്തിലും ബന്ധശ്രദ്ധനാണ് അയ്യപ്പസ്വാമിയെന്നാണ് വിശ്വാസം. ഈ വിശ്വാസത്തെ ബലപ്പെടുത്തുംവിധം ഓരോ പൂജയ്ക്ക് മുന്‍പും ശ്രീകോവിലും സോപാനവും കഴുകി വൃത്തിയാക്കി തുടച്ച് മിനുക്കുന്നത് പതിവാണ്.

ശബരി സന്നിധാനത്ത് ഇതിനായി ദേവസ്വം  ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ തന്നെയാണ് നിയോഗിച്ചിട്ടുള്ളത്. മേല്‍ശാന്തിയും കീഴ്ശാന്തിമാരും ശ്രീകോവില്‍ വൃത്തിയാക്കുന്നതിനെ തുടര്‍ന്ന് ഇവര്‍ ഊഴമിട്ട് സോപാനവും തറയും വൃത്തിയാക്കുന്നു. സോപാനം വാച്ചര്‍മാര്‍ എന്നാണിവരെ അറിയപ്പെടുന്നത്.

നെയ്യഭിഷേക പ്രിയനായ അയ്യപ്പന് പുലര്‍ച്ചെ മൂന്ന് മുതല്‍ 12വരെ അഭിഷേകമുണ്ടാകും. അഭിഷേകം കഴിഞ്ഞ് ഉച്ചപൂജയ്ക്ക് മുന്നോടിയായാണ് ശ്രീലകം വൃത്തിയാക്കുന്നത്. അതേസമയം ചൂടുവെള്ളവും കാരവും ഉപയോഗിച്ച് സോപാനവും തറയും ഉദ്യോഗസ്ഥര്‍ കഴുകുന്നു.

നെയ്യുടെ അംശം മുഴുവന്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം പച്ചവെള്ളംകൊണ്ട് കഴുകി തുണികൊണ്ട് നനവ് മുഴുവന്‍ തുടച്ചെടുക്കുന്നു. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സോപാന ഭണ്ഡാരത്തിലേക്ക് കാണിക്കയേറിനിടയിലാണ് ഈ പ്രവൃത്തി. നാണയകിഴികള്‍ കൊണ്ടുള്ള ഏറ് പലപ്പോഴും ഇവര്‍ക്ക് ഏല്‍ക്കാറുണ്ട്. എന്നാല്‍ അതൊന്നും സാരമാക്കാതെ കര്‍മ്മം ചെയ്യുകയാണിവര്‍.

ബാക്കിയുള്ള പൂജ സമയങ്ങള്‍ക്ക് മുന്‍പ് തറതുടച്ച് വൃത്തിയാക്കുന്നതും ഇവരുടെ ചുമതലയാണ്. അനസ്യുതം നെയ്യും പാലും മറ്റ് ദ്രവ്യങ്ങളും അഭിഷേകമായി വീഴുന്ന സോപാനവും പരിസരവും ശുദ്ധിയോടെ സൂക്ഷിക്കുന്നതില്‍ ഈ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയാണ് ശ്രീലക സോപാനത്തിന്റെ ശോഭയേറ്റുന്നത്.