അഭിഷേകപ്രിയനായ അയ്യപ്പന് ഇഷ്ടദ്രവ്യമാണ് പാല്. അതും സന്നിധാനം ഗോശാലയിലെ പശുക്കളുടെ പാല് കൊണ്ടുള്ള അഭിഷേകം. കഴിഞ്ഞ നാലുവര്‍ഷമായി അഭിഷേകത്തിനുള്ള പാല് മുടക്കമില്ലാതെ കറന്നെടുത്ത് സന്നിധാനത്തെത്തിക്കുന്നത് ആനന്ദാണ്. ബംഗാള്‍ സ്വദേശിയായ ആനന്ദ് സാമന്തയാണ് സന്നിധാനത്തെ ഗോശാലയുടെ നോട്ടക്കാരന്.
നാലുവര്‍ഷം മുന്‍പ് ശബരിമല കയറിവന്നതാണിയാള് ഒരുനിയോഗംപോലെ സന്നിധാനത്തെ ഗോശാലയിലെ ഗോപാലകനായി. അന്നുമുതല്‍ ഇന്നുവരെ പൈക്കളെ മേച്ചും കുളിപ്പിച്ചും പാല്‍കറന്നും ഗോശാല വൃത്തിയാക്കി ആനന്ദ് സന്നിധാനത്തുണ്ട്. ഭസ്മക്കുളത്തിന് സമീപത്തെ ഗോശാലയില്‍.
എന്നും പുലര്‍ച്ചെ ഒരുമണിക്ക് ആരംഭിക്കും ആനന്ദിന്റെ ദിവസം. ഗോശാല കഴുകിവൃത്തിയാക്കി പാല്‍കറന്ന് മൂന്ന് മണിക്ക് നട തുറക്കുന്നതിന് മുന്‍പ് ക്ഷേത്രസന്നിധിയിലെത്തിക്കുന്നു
പ്രാതല്‍ മുതല്‍ അത്താഴംവരെ ദേവസ്വത്തിന്റെ ഭോജനശാലയില്‍ നിന്ന് കഴിക്കും. പച്ചക്കറി അവശിഷ്ടങ്ങളും പഴത്തൊലിയും വൈക്കേലും ലഭിക്കുന്നതിനാല്‍ പശുക്കള്‍ക്കും അഹാരത്തിന് മുട്ടില്ല. അതിന്പുറമെ പിണ്ണാക്കും കാലിത്തീറ്റയും നല്‍കുന്നുമുണ്ട്. മണ്ഡല-മകരവിളക്കുല്‍സവം കഴിഞ്ഞ് മലയില്‍ ആളൊഴിഞ്ഞാല്‍ പശുക്കളെ മേയാന്‍ വിടും. പുല്‍മേടുകളുള്ളതിനാല്‍ പച്ചപ്പിനും ക്ഷാമമില്ല.
ഗോശാലയില്‍ 15പശുക്കളും 8കാളകളും നാല് കിടാങ്ങളുമാണുള്ളത്. ഇതില്‍ നാലെണ്ണത്തിന് കറവയുണ്ട്. പശുക്കളില്‍ ഒന്ന് ഗിര്വിഭാഗത്തിലുള്ളതും അഞ്ചെണ്ണം വെച്ചൂര്പശുക്കളുമാണ്. ബാക്കിയുള്ളവ സങ്കരയിനത്തില്പെടും. ആറ് ആടുകളും 25ലേറെ വിവിധയിനം കോഴികളും പശുക്കള്‍ക്ക് കൂട്ടായുണ്ട്.
ഗോശാല ഈവര്‍ഷം പുതുക്കിപണിത് ഉയരംകൂട്ടി മേല്‍ക്കൂരമാറ്റി. കൂടുതല്‍ ഫാനുകളും ലൈറ്റുകളും സ്ഥാപിച്ച് സൗകര്യപ്രദമാക്കി. ഗോശാലയോട് ചേര്‍ന്നുള്ള മുറിയാണ് ആനന്ദിന്റെ വീടും കിടപ്പാടവും. വര്‍ഷത്തിലൊരിക്കല്‍ വിഷുക്കാലത്താണ് ബംഗാളിലെ ഉത്തരഗോപാല് നഗറിലെ വീട്ടിലേക്കുള്ള യാത്ര.
ചെര്‍പ്പുളശ്ശേരിയില്‍ വേരുകളുള്ള കൊല്ലത്ത് താമസിക്കുന്ന അയ്യപ്പഭക്തര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേര്‍ച്ച നല്കിയ പശുക്കള്‍ പ്രസവിച്ചാണ് സന്നിധാനത്തെ ഗോശാല വിപുലപ്പെട്ടത്. ഇന്നും ഗോശാലയുടെ കാര്യങ്ങള്‍ നോക്കുന്നത് ഈ ഭക്തനാണ്. ആനന്ദിന്റെ പ്രതിഫലവും ഇദ്ദേഹം തന്നെയാണ് നല്‍കുന്നത്.
ഏഴുവര്‍ഷം മുന്‍പ് ചെര്‍പ്പുളശ്ശേരിയില്‍ കെട്ടിടം പണിക്കെത്തിയ ആനന്ദ് സാമന്ത ഈഭക്തന്റെ നിര്‍ദേശപ്രകാരമാണ് ഗോപാലകനായി സന്നിധാനത്തെത്തുന്നത്. അന്നുമുതല്‍ ഒരുനിയോഗംപോലെ അയ്യപ്പനെ ഭജിച്ച് പ്രസാദമുണ്ട് ഗോക്കളെ പരിപാലിച്ച് ആനന്ദ് തന്റെ ജീവിതയാത്ര തുടരുന്നു.