ഉത്പാദനവും സേവനങ്ങളും ഏകോപിപ്പിച്ചാലേ സഹകരണമേഖലയ്ക്ക് വിപണിമത്സരം നേരിടാനാകൂ- മന്ത്രി ഡോ: തോമസ് ഐസക്

ഉത്പാദനവും സേവനങ്ങളും ഏകോപിപ്പിച്ചാലേ ഉത്പാദകർക്കും സഹകരണ സംഘങ്ങൾക്കും വിപണിമത്സരത്തിൽ പിടിച്ചുനിൽക്കാനാകൂവെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സഹകരണ മേഖലയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും കേരളത്തിലെ വികേന്ദ്രീകൃത സാധ്യതയും എന്ന വിഷയത്തിൽ നിയമസഭയിൽ സംഘടിപ്പിച്ച പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട വ്യവസായങ്ങൾക്കോ ഉത്പാദകർക്കോ പോലും ആഗോള കുത്തകകളോട് മത്സരിക്കേണ്ട സാഹചര്യമാണ്. ഈ സാഹചര്യത്തിൽ സഹകരണ സംഘങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കേരളത്തിൽ വലിയ സാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ കർഷകർ പലരും ചെറുകിട ഉത്പാദകരാണ്. ഇത്തരക്കാരെ കൂട്ടി സഹകരണ സംഘങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയാൽ വിപണിയിൽ ഏകോപനം ഉണ്ടാക്കാനും കർഷകർക്ക് നേട്ടമുണ്ടാക്കാനുമാകും. സഹകരണമേഖലയിൽ നിരവധി വിജയമാതൃകകൾ നമുക്കുണ്ട്.

മുഖ്യധാര സാമ്പത്തിക വിദഗ്ധരൊന്നും ഇതിന്റെ വിജയം അംഗീകരിച്ചുതരണമെന്നില്ല. എന്നാൽ, സഹകരണ മേഖലയിൽ കൃത്യമായ ഏകോപനമുണ്ടായാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാകും. ന്യൂയോർക്കിൽ ഉൾപ്പെടെ ഇത്തരം നിരവധി സഹകരണ മാതൃകകൾ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിനനുസരിച്ച് സഹകരണമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഓൺലൈൻ പ്ലാറ്റ്‌ഫോം കോ-ഓപ്പറേറ്റീവ്‌സുകൾ സഹായകമാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടാക്‌സി സർവീസുകളുടെ ഏകീകൃത സഹകരണ ഓൺലൈൻ ശൃംഖല തയാറായി വരികയാണെന്നും ജനുവരിയോടെ ഇത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നവലിബറൽ നയങ്ങൾ മൂലം പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ പ്രതിസന്ധി അതിജീവിക്കാൻ സഹായിക്കുന്നത് സഹകരണപ്രസ്ഥാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തിയുള്ള സഹകരണ കൂട്ടായ്മകൾ ഉപയോക്താക്കൾക്കും തൊഴിലാളികൾക്കും ജനാധിപത്യപരമായ ഉടമാവകാശം നൽകാൻ സഹായകമാകുമെന്ന് വിഷയത്തിൽ പ്രഭാഷണം നടത്തിയ ന്യൂയോർക്ക് ന്യൂ സ്‌കൂൾ പ്ലാറ്റ്‌ഫോം കോ-ഓപ്പറേറ്റീവിസം കൺസോർഷ്യം ഡയറക്ടർ ഡോ. ട്രെബർ ഷോൽസ് പറഞ്ഞു. കേരളത്തിൽ ഇത്തരം സഹകരണ കൂട്ടായ്മകൾക്ക് സാധ്യതകളേറെയാണ്. കർഷകസംഘങ്ങൾ, ആരോഗ്യസംരക്ഷണം, വീട്ടുജോലി സഹായം തുടങ്ങിയ മേഖലകളിൽ ഇത്തരം കൺസോർഷ്യങ്ങൾക്ക് നിരവധി സാധ്യതകൾ ഉണ്ട്. ഇന്ത്യയിൽതന്നെ ഇത്തരം പ്രസ്ഥാനങ്ങൾ പലയിടത്തും ആരംഭിക്കുന്നുണ്ട്.

തൊഴിലാളികൾക്കും പ്രസ്ഥാനത്തിലെ പങ്കാളികൾക്കും കൃത്യമായ ശബ്ദവും വരുമാനവും ഇത്തരം സംരംഭങ്ങളിലൂടെ ലഭിക്കുമെന്നതാണ് പ്രത്യേകത. ഭക്ഷണ വിതരണം, ഗതാഗതം, വീട് വൃത്തിയാക്കൽ തുടങ്ങിയ മേഖലകളിൽ തൊഴിൽ സംരംഭകർക്ക് ഇത്തരം സഹകരണ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മികച്ച അവസരങ്ങളാണ് നൽകുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ പോലും ഇവ മികച്ച വളർച്ച രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ഓൺലൈൻ സഹകരണ പ്ലാറ്റ്‌ഫോമുകളുടെ ഭാഗമായ സൈറ്റുകളും ആപ്പുകളും അദ്ദേഹം പരിചയപ്പെടുത്തി.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി വിഷയാവതരണം നടത്തി. നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും അഡീ. സെക്രട്ടറി എസ്. ബിന്ദു കൃതജ്ഞതയും പറഞ്ഞു.

കേരള നിയമസഭയുടെ സെൻറർ ഫോർ പാർലമെൻററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗിന്റേയും അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്.