സാമൂഹിക ജീവിതത്തെ കുറിച്ച് പഠിപ്പിക്കലാകണം വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനം പശ്ചാത്തല സൗകര്യ വികസനമാണ്. പഠന രീതികൾ, പാഠ്യപദ്ധതികൾ , അധ്യാപന രീതികൾ എല്ലാം മാറുകയാണ്. പഠിപ്പിക്കലല്ല, പഠിക്കാൻ പഠിപ്പിക്കലാണ് ഇനി വിദ്യാർഥികൾക്ക് ആവശ്യം.

അധ്യാപകരെ ആവശ്യമില്ലാത്ത കാലമായി, ഔപചാരിക ബിരുദങ്ങളും പഠനങ്ങളും അപ്രസക്തമാവുകയാണ്. നിലവിലുള്ള അറിവുകളെ പൊളിച്ചടുക്കി പുതിയവ ഉല്ലാദിപ്പിക്കുന്ന മേഖലകളായി വിദ്യാഭ്യാസം മാറുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാർഥികളെ ഒരുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ധാരാളമായി ഉണ്ടാവുകയാണ്. അവിടെ പരമ്പരാഗത വിദ്യാഭ്യാസ രീതിക്ക് പ്രസക്തി ഇല്ലാതാകും. ഓരോ കുട്ടികളെയും കേന്ദ്രീകരിച്ച് ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാകണം. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതികൾ സാമൂഹ്യ ജീവിതങ്ങളെക്കൂടി ഉൾക്കൊണ്ട് കൊണ്ടുള്ളതാണ്. നൂറു വർഷം ഒരു വിദ്യാലയം നിലനിൽക്കുന്നത് ചരിത്രപരം കൂടിയാണെന്നും സ്പീക്കർ പറഞ്ഞു.

സി.കെ നാണു എം.എൽ. എ അധ്യക്ഷനായി. ഓഡിറ്റോറിയം പ്ലാൻ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിർവഹിച്ചു .പി ടി എ പ്രസിഡന്റ് പി പി ദിവാകരൻ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് മെമ്പർ ടി .കെ രാജൻ മാസ്റ്റർ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി വി.കവിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കിഴക്കയിൽ ഗോപാലൻ, യു എൽ സി സി ചെയർമാൻ പാലേരി രമേശൻ, വാർഡ് മെമ്പർ പി പ്രസീത തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് കലാ പരിപാടികളും അരങ്ങേറി.