ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട്ട് വിരുന്നെത്തിയ കേരള സ്‌കൂള്‍ കലോത്സവം ഉഷാറായി മുന്നേറുകയാണ്. കാസര്‍കോടിന്റെ കലാവൈവിധ്യങ്ങളായ യക്ഷഗാനവും ‘അലാമിക്കളിയും’ പൂരക്കളിയും  ചുവട് വെച്ച് സ്വാഗത ഗാനത്തിന് ശേഷം മോഹിനിയാട്ടവും കൂടിയാട്ടവും മിമിക്രിയും വട്ടപ്പാട്ടുമൊക്കെയായി 28 വേദികളും ഉണര്‍ന്നു കഴിഞ്ഞു. കലോത്സവ നഗരിയിലെ കലാ വിശേഷങ്ങള്‍:
 തളരില്ല ഞങ്ങ
മെയ് വഴക്കവും പ്രകടനങ്ങളും കൊണ്ട് അവര്‍ 14 പേരും വേദിയെ ഹരം കൊള്ളിക്കുമ്പോഴും ഉള്ളില്‍ നീറ്റലായിരുന്നു. തങ്ങളുടെ കൂട്ടുകാരന്‍ അരുണിന് എന്തെങ്കിലും പറ്റിക്കാണുമോയെന്ന ആധിയായിരുന്നു അവര്‍ക്ക്. പൂരക്കളി മത്സരം നടക്കുന്ന പടന്നക്കാട് കാര്‍ഷിക കോളേജ് വേദിയിലാകെ ആശങ്കയും സങ്കടവുമായിരുന്നു. കൊല്ലം ജില്ലയിലെ എ സ് എച്ച് എസ് പാരിപ്പള്ളി സ്‌കൂളിലെ പൂരക്കളി ടീമിലെ പാട്ടുകാരന്‍ അരുണിനെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ പോലീസും സംഘാടകരും അധ്യാപകരുമൊക്കെ കാണാതായ അരുണിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.15 പേരടങ്ങുന്ന  ടീമിലെ പാട്ടുകാരന്‍ ഇല്ലാതെയിരുന്നിട്ടും 14 പേരായി ടീം വേദിയിലെത്തി. മാറി മാറി പാട്ടുപാടി. മനസ്സറിഞ്ഞ് എല്ലാരും വേദിയില്‍ കളിച്ചിറങ്ങിയപ്പോള്‍ സദസ്സിലൊന്നാകെ കൈയ്യടി. കളി കഴിഞ്ഞിറങ്ങിയപ്പോള്‍ കാണാണ്ടായ അരുണിനെ കിട്ടിയ വാര്‍ത്തയെത്തി. സങ്കടപ്പെട്ടിരുന്ന ടീം കൊല്ലം വീണ്ടും ഉഷാറായി.
നിങ്ങ കളിച്ച പൂരക്കളി പാട്ടെഴുതിയത് നമ്മ കാഞ്ഞങ്ങാട്ട്ന്ന്
ഉത്തരമലബാറിന്റെ സ്വന്തം പൂരക്കളി കലോത്സവത്തില്‍ മത്സരത്തിലെത്തിയിട്ട് മുപ്പതു വര്‍ഷത്തോളമായിട്ടെയുള്ളു. ഇത്തവണ വലിയൊരു സസ്പെന്‍സ് ഉണ്ട് പൂരക്കളിക്ക് പാട്ടുകള്‍ രചിച്ച കാഞ്ഞങ്ങാട്ടിലെ മണ്ണിലേക്കാണ്. 18 നിറങ്ങളില്‍ ചിട്ടപ്പെടുത്തിയ പൂരക്കളി പാട്ടുകളെ രചനാ വൈഭവം കൊണ്ട് സമ്പന്നമാക്കിയത് കാഞ്ഞങ്ങാട് കുഞ്ഞിവീട്ടിലെ കണ്ണന്‍ എഴുത്തച്ഛനാണ്.രാമായമം വന്‍കളി,കണ്ണന്‍ പാട്ട് എന്നിവയടക്കം രചിച്ചത് കണ്ണന്‍ എഴുത്തച്ഛനാണ്.  പടന്നക്കാട് കാര്‍ഷിക കോളേജിലെ വേദിയില്‍ നടന്ന പൂരക്കളി അങ്ങേയറ്റം ആവശമായിരുന്നു.
കാസ്രോട്ട് ബന്നിട്ട് തെയ്യം കൂടാണ്ട് പോല്ലെ..

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം,കൂടാന്‍ വരുന്നവര്‍ ചോദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദൃവും ആഗ്രഹവും ഇതാണ്….”തെയ്യത്തിന്റെ നാട്ടില്‍ വന്നിട്ട്,ഒരു തെയ്യക്കോലത്തെ കാണതെ എങ്ങനെയാ തിരിച്ച് പോകുക…?അങ്ങനെ ചിന്തിക്കുന്നവര്‍ക്കായ്….കലോത്സവം നടക്കുന്നതിന്  അടുത്ത സ്ഥലങ്ങളില്‍  കളിയാട്ടം നടക്കുന്ന വിവരം അറിയാം:
നവംബര്‍ 29-നീലേശ്വരം കറുവാച്ചേരി പതിക്കല്‍ ചാമുണ്ടെശ്വരി ക്ഷേത്രം,അറുവാടി തോണ്ടി, കൊയിലേരിയന്‍ ഗുരുക്കള്‍, പതിക്കല്‍ ചാമുണ്ഡി, ഭഗവതി, ഗുളികന്‍.
ഡിസംബര്‍ ഒന്ന് -നീലേശ്വരം ചിത്താരി വിഷ്ണുചാമുണ്ടെശ്വരി ദേവസ്ഥാനം : പൂമാരുതന്‍, രക്തചാമുണ്ടി, ഭഗവതി, വിഷ്ണുമൂര്‍ത്തി മുതലായവ
നവംബര്‍ 29, ഡിസംബര്‍ ഒന്ന്-നീലേശ്വരം പടിഞ്ഞാട്ടം കൊഴുവല്‍ നാഗച്ചേരി ഭഗവതി ദേവസ്ഥാനം : ഭഗവതി തെയ്യവും മറ്റ് തെയ്യങ്ങളും
നവംബര്‍ 30,ഡിസംബര്‍ ഒന്ന്- മാട്ടൂല്‍ കൂതാട്ട് നെടുമ്പ കാവ്, കണ്ണൂര്‍ : ധര്‍മ്മദൈവം, മടയില്‍ ചാമുണ്ഡി, പത്തലത്തില്‍ പത്ര, ഒന്നുറനാല്‍പ്പത്, പൊട്ടന്‍, ഗുളികന്‍, കുറത്തി, വിഷ്ണുമൂര്‍ത്തി.