ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലും ചടങ്ങുകളിലും ഹരിതനിയമാവലി കര്‍ശനമായി നടപ്പാക്കുന്നു. ജില്ലാ കലക്ട്രര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ കളക്‌ട്രേറ്റിലും സിവില്‍സ്റ്റേഷനിലും പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഓഫീസുകളില്‍ ഹരിതനിയമാവലി നടപ്പാക്കും. ഇതിന്റെ ഭാഗമായി എ.ഡി.സി (പി.എ) ഫ്രാന്‍സിസ് ചക്കനാത്തിനെ ഹരിത നിയമാവലി നടപ്പിലാക്കുന്നതിനുളള സിവില്‍ സ്റ്റേഷന്‍ നോഡല്‍ ഓഫീസറായി യോഗം ചുമതലപ്പെടുത്തി. അതോടൊപ്പം ഓരോ ഓഫീസിലും പ്രത്യേകം ഗ്രീന്‍ ഓഫീസര്‍മാരെ നിയമിക്കും. അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കാന്‍ ജില്ലാ ശുചിത്വമിഷന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ യോഗത്തെ അറിയിച്ചു. ജില്ലയില്‍ നടക്കുന്ന പ്രധാന പരിപാടികളിലും ഉത്സവങ്ങളിലും ഹരിത നിയമാവലി നടപ്പാക്കും. റിപ്പബ്‌ളിക് ദിനാഘോഷ പരിപാടിയും ഇതനുസരിച്ച് നടത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കലക്‌ട്രേറ്റ് പരിസരത്ത് വിവിധ സര്‍വ്വീസ് സംഘടനകള്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. അതാത് ഓഫീസുകളില്‍ നടപ്പാക്കുന്ന ഹരിതപ്രവര്‍ത്തനങ്ങളെ കുറിച്ച് വകുപ്പ് മേധാവികള്‍ യോഗത്തില്‍ വിശദീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളെ കുറിച്ച് ജില്ലാ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ ക്ലാസ്സെടുത്തു. യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുധിര്‍ കിഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.