* സ്വദേശ് ദർശൻ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടനകേന്ദ്രമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രത്തിനു ചുറ്റുമുള്ള കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കാൻ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. സ്വദേശ് ദർശൻ പദ്ധതി പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് തീർഥാടന സർക്യൂട്ട് പദ്ധതി തയാറാക്കി കേന്ദ്രം മുഖേന ഫണ്ട് ലഭ്യമാക്കുന്നത്. ലോകശ്രദ്ധയാർജിച്ച ക്ഷേത്രമെന്ന നിലയിൽ തിരുപ്പതി മോഡലിൽ കൂടുതൽ തീർഥാടകരെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്.
ക്ഷേത്രത്തിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. പല കാലങ്ങളിലായി ക്ഷേത്രത്തിന് ചുറ്റും നടന്ന കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണസമിതി ഇക്കാര്യങ്ങൾ തിട്ടപ്പെടുത്തിവരികയാണ്. സുപ്രീം കോടതി നിർദേശവും ഇക്കാര്യത്തിലുണ്ട്.
ക്ഷേത്രത്തിലെ അമൂല്യനിധികൾ സംബന്ധിച്ച അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. യഥാർഥ നിധി പ്രദർശിപ്പിക്കുകയല്ല, അവയുടെ ത്രീഡി രൂപങ്ങളും ചിത്രങ്ങളും മറ്റും പ്രദർശിപ്പിക്കുന്നതിനാണ് ആലോചന. മ്യൂസിയം സ്ഥാപിച്ചാൽ തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും മഹാപ്രവാഹമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനോടനുബന്ധിച്ച് നിർവധി വികസന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഹൗസിംഗ് ബോർഡ് സെക്രട്ടറി കെ.എൻ. സതീഷ്, നിർമിതി കേന്ദ്രം ഡയറക്ടർ ഡോ. അദീല അബ്ദുല്ല, ക്ഷേത്ര ഭരണസമിതിയംഗം എസ്. വിജയകുമാർ, കൗൺസിലർ ആർ. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്ര ഭരണസമിതി ചെയർമാൻ ജില്ലാ ജഡ്ജി കെ. ബാബു സ്വാഗതവും സൂപ്രണ്ട് ഡി. അച്യുതൻ നന്ദിയും പറഞ്ഞു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-ആറൻമുള ക്ഷേത്രം-ശബരിമല എന്നിവിടങ്ങൾ ചേർന്നുള്ള തീർഥാടന സർക്യൂട്ട് പ്രകാരമാണ് പദ്ധതി. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതി പ്രകാരമാണ് കേരള ടൂറിസം വകുപ്പ് മുഖേന നിർമാണങ്ങൾ നടത്തുന്നത്. 78 കോടി 55 ലക്ഷം രൂപയാണ് അടങ്കൽ തുക. നിർമിതി കേന്ദ്രവും ഹൗസിംഗ് ബോർഡും ചേർന്നാണ് നിർമാണം.
അടിസ്ഥാന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ നാലുനടകളിലും നിലവിലുള്ള വൈദ്യുതി, ടെലഫോൺ തുടങ്ങിയവയുടെ യൂട്ടിലിറ്റി കേബിളുകൾ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുക, ശുദ്ധജലവിതരണം, അഴുക്കുചാലുകൾ, ഓടകൾ എന്നിവയുടെ നവീകരണം, ക്ഷേത്രത്തിനു ചുറ്റുമുള്ള പാതകൾ ഗ്രാനൈറ്റ് പാകി മോടിപിടിപ്പിക്കൽ, പൈതൃകം നിലനിർത്തിയുള്ള തെരുവുവിളക്കുകളുടെ പുനഃസ്ഥാപനം, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, സന്ദർശക വാഹനങ്ങളുടെ പാർക്കിംഗ്, ശൗചാലയങ്ങൾ ഉൾപ്പെടെ സ്ഥാപിക്കൽ, ഇൻഫർമേഷൻ സെൻറർ, സൗരോർജ വൈദ്യുതി ഇത്പാദന സംവിധാനം, പത്മതീർഥക്കുള പുനരുദ്ധാരണം എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്ന പ്രധാന നിർമാണപ്രവർത്തനങ്ങൾ.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടനകേന്ദ്രമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ മാറ്റും -മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Home /പൊതു വാർത്തകൾ/ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടനകേന്ദ്രമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ മാറ്റും -മന്ത്രി കടകംപള്ളി സുരേന്ദ്രൻ