ഓഖി ദുരന്തത്തിൽ കാണാതായ യു. പി സ്വദേശികളായ അരവിന്ദ്കുമാർ, ഹൊറിലാൽ എന്നിവരുടെ കുടുംബാംഗങ്ങൾ സഹായം അഭ്യർത്ഥിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയെ കണ്ടു. അരവിന്ദ്കുമാറിന്റെ അച്ഛൻ മെയ്‌വാല, ഹൊറിലാലിന്റെ ഭാര്യ ഗംഗോത്രി, സഹോദരൻ അനിൽ എന്നിവരാണ് ജനുവരി 18ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്.
കാണാതായവരുടെ വിവരങ്ങൾ ഇവർ മന്ത്രിക്ക് കൈമാറി. ഡി. എൻ. എ ടെസ്റ്റ് ഫലം വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ബുധനാഴ്ചയാണ് ഇവർ കേരളത്തിലെത്തിയത്.
കൊല്ലത്തു നിന്നുള്ള ബോട്ടിലാണ്് അരവിന്ദ്കുമാറും ഹൊറിലാലും മത്‌സ്യബന്ധനത്തിന് പോയത്. 16 പേരുണ്ടായിരുന്ന ബോട്ടിലെ മൂന്നു പേരെ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. യു. പി. സ്വദേശികളെ കാണാതായ വിവരം ലഭിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ശ്രമി കല്യാൺ കേന്ദ്ര് നടത്തിയ അന്വേഷണത്തിലാണ് കുടുംബാംഗങ്ങളെ കണ്ടെത്തിയത്. ശ്രമി കല്യാൺ കേന്ദ്ര് കോഓർഡിനേറ്റർ ജെറോൺ ബി. പെരേരയ്‌ക്കൊപ്പമാണ് ഇവർ മന്ത്രിയെ കാണാനെത്തിയത്.
അരവിന്ദ്കുമാറിന്റെ അമ്മ റാംരതി, മകൻ യോഗേന്ദ്ര എന്നിവരുടെയും ഹൊറിലാലിന്റെ മക്കളായ ദേവ, ദിവ്യ എന്നിവരുടെയും സാമ്പിളുകൾ ശേഖരിച്ച് ഡി. എൻ. എ പരിശോധയ്ക്ക് നൽകിയിട്ടുണ്ട്. ഇരുവരുടെയും കുടുംബം ജനുവരി 19ന് നാട്ടിലേക്ക് മടങ്ങും.