ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംസ്ഥാന സർക്കാരിന്റെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ ശ്രദ്ധേയരായ വനിതകൾ, ശ്രേഷ്ഠ വ്യക്തിത്വങ്ങൾ എന്നിവരെക്കുറിച്ചും, സമൂഹം, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാനത്ത് നടന്ന വികസനം സംബന്ധിച്ചും ഡോക്യുമെന്ററികൾ നിർമ്മിക്കുന്നു.  ഇതിനു പുറമേ സംസ്ഥാനത്തിന്റെ പരിസ്ഥിതി, ജലസംരക്ഷണം, പരിസര ശുചീകരണം തുടങ്ങിയവയുൾപ്പെടെ വിവിധ വികസന വിഷയങ്ങൾ സംബന്ധിച്ച് 10 മിനിട്ട് വരെ ദൈർഘ്യമുള്ള ലഘു വീഡിയോകൾ, ഹ്രസ്വചിത്രങ്ങൾ (നോൺ ഫിക്ഷൻ) എന്നിവയും നിർമ്മിക്കുന്നു. ഇതിനായി പി.ആർ.ഡി ഡോക്യുമെന്ററി സംവിധായക പാനലിൽ എ, ബി, സി വിഭാഗങ്ങളിലുൾപ്പെട്ട സംവിധായകരിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.  

നിർമ്മിക്കാനുദ്ദേശിക്കുന്ന ഡോക്യുമെന്ററി/ ഹ്രസ്വചിത്രം, ലഘുവീഡിയോയുടെ ആശയം, സമീപനരീതി, ബജറ്റ്, സമയദൈർഘ്യം എന്നിവയുൾപ്പെടുത്തി വിശദമായ വൺലൈൻ സ്‌ക്രിപ്റ്റുൾപ്പെടെയാണ് പ്രൊപ്പോസൽ സമർപ്പിക്കേണ്ടത്.  അതത് വിഭാഗത്തിന് അനുവദിച്ചിട്ടുള്ള ബജറ്റ് അധികരിക്കാതെയുള്ള പ്രൊപ്പോസലുകൾ ഡിസംബർ പത്തിന് മുമ്പ് ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.  വിശദവിവരങ്ങൾക്ക്: 0471-2518866.  സംവിധായകരുടെ പാനൽ www.prd.kerala.gov.in ൽ ലഭിക്കും.