സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 2019-20 ന്റെ ടിക്കറ്റ് മേയർ കെ. ശ്രീകുമാർ പ്രകാശനം ചെയ്തു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ ജയപ്രകാശ് ടിക്കറ്റ് ഏറ്റുവാങ്ങി. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അമിത് മീണ, ജോയിന്റ് ഡയറക്ടർ എം.ആർ. സുധ, ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് എന്നിവർ ആദ്യ വില്പന നിർവഹിച്ചു.
300 രൂപ ടിക്കറ്റ് വിലയുള്ള ബമ്പർ 2020 ഫെബ്രുവരി 10ന് നറുക്കെടുക്കും. 12 കോടി രൂപ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 10 പേർക്കായി അഞ്ചു കോടി രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 10 പേർക്ക് ഒരു കോടി രൂപയും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 20 പേർക്ക് ഒരു കോടി രൂപയും ലഭിക്കും. സമ്മാനമായി അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം രൂപ വീതം ലഭിക്കും.