കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പേര് മാറ്റാന്‍ നേരമായെന്ന് കാസര്‍കോട് ഓര്‍മ്മിപ്പിക്കുന്നു. ഇനി ജനകീയ കലോത്സവമെന്നോ ഗ്രാമീണ കലോത്സവമെന്നോ ഇതിനെ വിളിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംഘാടക മികവിനും കരുതലിനും സ്‌നേഹമായി പാലക്കാട്ടെ ഗുരുകുലം എച്ച്.എസ്.എസ് സംഘം നഗരസഭ ചെയര്‍മാന് നല്‍കിയ ആദരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹം.

ഈ സപ്ത ഭാഷാ സംഗമഭൂമിയിലെ സാംസ്‌ക്കാരിക ബോധമുള്ള ജനതയ്ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ഇത് ചരിത്ര നിമിഷമാണ് അദ്ദേഹം പറഞ്ഞു. രാവും പകലുമില്ലാതെ കലാ നഗരിയിലേക്ക് ഒഴുകിയ ജനം, ജനകീയ മുഖമാണ് മേളയ്ക്ക് സമ്മാനിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമോത്സവമാവുകയാണ്. കലോത്സവം വീണ്ടും തുളുമണ്ണിലെത്താന്‍ നീണ്ട 28 വര്‍ഷങ്ങള്‍ ഇനി ആവശ്യമായി വരില്ലെന്നും മന്ത്രി.

സ്‌കൂളില്‍ നിന്ന് അപ്പീലിന് പോയിട്ടും ലഭിക്കാത്ത കട്ടികളും കുട്ടത്തിലുണ്ടായിരുന്നു. ഇത് മത്സരമല്ല, മറിച്ച് ഉത്സവമാണ്. പങ്കെടുക്കാന്‍ ആയില്ലെന്ന് വിഷമിക്കരുത്, ഈ മഹോത്സവത്തിന് ഭാഗമാകാന്‍ കഴിഞ്ഞില്ലേയെന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു. കായികവും കലയുമായി രണ്ട് ഉത്സവങ്ങള്‍ കഴിഞ്ഞു. ഇനി മൂന്നാമത്തെ ഉത്സവം ഗംഭീരമാക്കണം. അത് പഠനോത്സവമാണെന്ന് മന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.