കൗമാര കലോത്സവത്തിന്റെ നാലുനാളുകള്‍ക്ക് ശേഷം തിരശ്ശീല വീണപ്പോള്‍ മണിക്കൂറുകള്‍ ബാക്കിയായത് കാഞ്ഞങ്ങാടിന്റെ സ്‌നേഹവും കരുതലും ആതിഥേയത്വത്തിന്റെ നല്ല ഓര്‍മകളുമാണെന്ന് പാലക്കാട്ടു നിന്നു വന്ന മത്സരാര്‍ത്ഥികളും      അദ്ധ്യാപകരും. പാലക്കാട് ജില്ലയിലെ ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് കാഞ്ഞങ്ങാടെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം  അതിയാമ്പൂരില്‍ താമസമാക്കിയ 250 പേരടങ്ങുന്ന സംഘമാണ് ആതിഥേയര്‍ക്ക് ആദരം ഏര്‍പ്പെടുത്തി സ്‌നേഹം പകര്‍ന്നത്.
ആതിഥേയത്വം ആവോളം ആസ്വദിച്ച അതിഥികള്‍ക്ക് ഈ നാട്ടുകാരെ ആദരിക്കണമെന്ന് ഒരു ആഗ്രഹം. ഇത് അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് തിരക്കുകള്‍ മാറ്റി വെച്ച് പരിപാടിയിലേക്ക് ഓടിയെത്തി. ഗ്രാമീണതയുടെ നൈര്‍മല്യം തുളുമ്പിയ ഈ ഉത്സവത്തെ ഗ്രാമീണ കലോത്സവമെന്ന് വിളിക്കാമെന്ന് മന്ത്രി. അതിഥി കളുടെ ആഗ്രഹ പ്രകാരം വിദ്യാഭ്യാസ മന്ത്രി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശനെ പൊന്നാട അണിയിച്ചു.
പാര്‍ക്കോ ക്ലബ്ബ് അംഗങ്ങള്‍ക്ക് മൊമെന്റോ സമ്മാനിച്ചു. പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ.വിയന്‍ വി ആനന്ദ്ര്‍ പാക്കോ ക്ലബ്ബ് രക്ഷാധികാരി വേണു നമ്പ്യാര്‍, സെക്രട്ടറി സാലു, പി.ടി.എ പ്രസിഡന്റ് വി.ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് സാബിര്‍ അസീസ്, ടീം മാനേജര്‍ കെ. ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍ പഠിച്ചാണ് ഞങ്ങള്‍ ഈ മണ്ണില്‍ നിന്ന് യാത്രയാകുന്നതെന്ന് അധ്യാപകര്‍. കാഞ്ഞങ്ങാട് കലോത്സവത്തിനായി വണ്ടി കയറുമ്പോള്‍ മനസ്സിലുണ്ടായ ചിത്രം പാടെ മാറ്റിമറിച്ചത് ഇവിടത്തെ നാട്ടുകാരാണ്. ഇവിടെ ആര്‍ക്കും തിരക്കുകളില്ല.
വഴി അന്വേഷിച്ചാല്‍ എത്തേണ്ടിടത്ത് കൊണ്ടുവിടുന്നവര്‍. റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ട് ചായ വാങ്ങിത്തന്ന് ട്രെയിന്‍ കയറ്റി യാത്രയാക്കുന്നവര്‍. എങ്ങും കാണാത്ത മാനവീക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കുറേ മനുഷ്യര്‍. ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധം ഈ നാട് ഞങ്ങളെ  ചേര്‍ത്തു പിടിച്ചു.  ആദ്യമായി കാസര്‍കോടെത്തിയ ഞങ്ങള്‍ മനസ്സ് നിറഞ്ഞ് പിരിഞ്ഞു പോവുകയാണ്. 20 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ അറിയാത്ത അനുഭവമായിരുന്നു ഇത്തവണത്തേത്. ഇനിയൊരു അവസരം വന്നാല്‍ യാതൊരു ആശങ്കയുമില്ലാതെ ഇവിടേക്ക് വണ്ടി കയറും പ്രധാന അധ്യാപകന്‍ ഡോ. വിജയന്‍ വി ആനന്ദ് പറഞ്ഞു.