സമകാലീന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കി ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളുമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റുകള്‍ പ്രേക്ഷക പ്രശംസ നേടി. ദേശീയ അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ പരാമര്‍ശിക്കുന്നവയ്യായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച് സ്‌കിറ്റുകളിലേറെയും. വെള്ളിക്കോത്ത് എം പി എസ് ജി വി എച്ച് എസ് എസിലൊരുക്കിയ വിദ്വാന്‍ പി കേളുനായര്‍ വേദിയിലായിരുന്നു ഇംഗ്ലീഷ് സ്‌കിറ്റുകള്‍ അരങ്ങേറിയത്.
ആധുനികകാലത്ത് ജനാധിപത്യ ഭരണക്രമങ്ങള്‍ ഏകാധിപത്യത്തിലേക്ക് വഴി മാറുന്നത് ഹാസ്യാത്മകമായാണ് കുട്ടികള്‍ അവതരിപ്പിച്ചത്. ഏകാധിപതിയുടെ ശാസനകള്‍ നിയമ വ്യവസ്ഥയായി മാറുന്നതും ചോദ്യം ചെയ്യുന്നവരെ ഇല്ലാതാകുന്നതും വിമര്‍ശനാത്മകമായി അവതരിക്കപ്പെട്ടു.
ജനങ്ങളെ വിഡ്ഢികളാക്കി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ ജനദ്രോഹപരമായി മാറുന്നതും വിവരാവകാശം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയവ ധ്വംസിക്കപ്പെടുന്നതും സ്‌കിറ്റുകളുടെ വിഷയമായി. പ്രകൃതിക്കിണങ്ങിയ ജീവിതശൈലി സ്വീകരിച്ചിരുന്ന മനുഷ്യര്‍ വീടുകളില്‍ തന്നിലേക്ക് മാത്രം ചുരുങ്ങുന്നതും കേരളം നേരിട്ട നൂറ്റാണ്ടിലെ പ്രളയവും വയനാട്ടില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരണപ്പെട്ടതും വിമര്‍ശനാത്മകമായി അവതരിക്കപ്പെട്ടു.