എല്ലാ അന്തർദ്ദേശീയ മത്സരങ്ങൾക്കും കേരളം സജ്ജം
വിനോദ സഞ്ചാര മേഖലയിലെന്ന പോലെ കായിക രംഗത്തും കേരളം ഉജ്ജ്വലമായ മുന്നേറ്റത്തിന്റെ പന്ഥാവിലേക്കു കുത്തിക്കുകയാണെന്നു  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കണ്ണൂരിൽ നടക്കുന്ന നാലാമത് ദേശീയ വനിതാ സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് കേരളത്തിന്റെ പശ്ചാത്തല സൗകര്യം ഇന്ന് ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുകയാണ്. ദേശീയവും അന്തർ ദേശീയ വുമായ ഏത് വലിയ കായിക മത്സാരത്തിനും  ആതിഥ്യമരുളാൻ ഇന്ന് കേരളത്തിനു കെൽപ്പുണ്ട്. അതിനൊപ്പം തന്നെ ലോകോത്തര നിലവാരമുള്ള കായിക പ്രതിഭകളും നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയോധന കലകളുടെ ചരിത്രവും പാരമ്പര്യവും കൂടിയാണ് വടക്കൻ കേരളത്തിന്റെതെന്നതും സ്പീക്കർ കൂട്ടിച്ചേർത്തു.
ബോക്സിങ്ങിലേതു പോലുള്ള  കായിക ഇനങ്ങളിൽ പ്രാദേശിക തലത്തിലുള്ള മികച്ച താരങ്ങളെ നമ്മൾ ഇപ്പോഴും പരിഗണിക്കുന്നില്ലെന്ന് ബോക്സിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ജെ കോഹ്‌ലി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇനിയും ഇത്തരം ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബോക്സിങ്ങ് കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ചന്ദ്രലാൽ ദാമോദരൻ,മുൻ ലോക വനിത ബോക്സിങ്ങ് ചാമ്പ്യൻ കെ സി ലേഖ എന്നിവരെ  ചടങ്ങിൽ ആദരിച്ചു.തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി. ജില്ല കലക്ടർ ടിവി സുഭാഷ് റിപ്പോർട്ടവതരിപ്പിച്ചു. കെ സുധാകരൻ എംപി ,ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബോക്സിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡണ്ടും ടെക്നിക്കൽ ഡെലിഗേറ്റുമായ  രാജേഷ് ഭണ്ഡാരി,  ഡോ .സി ബി റെജി,കേരള സ്റ്റേറ്റ് അമച്വർ ബോക്സിങ്ങ് അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ കെ സൂരജ്, ജില്ലാ അമച്വർ ബോക്സിങ്ങ് അസോസിയേഷൻ പ്രസിഡണ്ട് കെ ശാന്തകുമാർ, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ,  മുൻ എം എൽ എ എം വി ജയരാജൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബോക്സിങ്ങ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.