പാലക്കാട് പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം നേതൃത്വത്തിന്റെ എന്‍.എസ്.എസ് ഹരിത ഗ്രാമമായ മാട്ടുമന്തയിലെ രണ്ടേക്കര്‍ കൃഷിയിടത്തില്‍ നെല്‍കൃഷി നടീല്‍ ഉത്സവം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയായി. കര്‍ഷകരുടെ കഷ്ടതകള്‍ അറിഞ്ഞ് കുട്ടികള്‍ വളരണമെന്നും കുട്ടികളില്‍ കൃഷിയോട് ചെറുപ്രായത്തിലെ ആഭിമുഖ്യം വളര്‍ത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായ ഭക്ഷണം എന്ന ലക്ഷ്യം കൈവരിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങളായ വിദ്യാര്‍ഥികള്‍ കണ്ടത്തിലിറങ്ങി ഞാറുകള്‍ നട്ടു. മന്ത്രിയും പ്രോല്‍സാഹനവുമായി ഒപ്പംചേര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ വി സുമേഷ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി സുഭദ്ര, നഗരസഭാംഗം കെ ഭവദാസ്, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് അഡ്വ. വിനോദ് കയനാട്ട്,കൃഷി ഓഫീസര്‍ കെ ഗോവിന്ദരാജ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.എം ലീല, പ്രധാനധ്യാപകന്‍ പി.സി ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.