*കരട് നയത്തിൽ ഒൻപതിന് ചർച്ച

ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയും ആർജ്ജിക്കുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കരിയർ നയം രൂപീകരിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാംശീകരിച്ച് കരിയർ നയം പ്രഖ്യാപിക്കും. ഇതിന്റെ മുന്നോടിയായി തയ്യാറാക്കിയ കരട് സമീപനരേഖ ചർച്ച ചെയ്യുന്നതിന് ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്ത് ഏകദിന ശിൽപ്പശാല നടക്കും. കാലത്ത് 10 മണിമുതൽ തമ്പാനൂർ അപ്പോളോ ഡിമോറയിലാണ് ശിൽപ്പശാല.

ആസൂത്രണ ബോർഡ് അംഗങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ, കരിയർ വിദഗ്ധർ, യുവജന പ്രതിനിധികൾ, വിദ്യാർത്ഥി-യുവജന സംഘടനാനേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസസും(കേരള) സംയുക്തമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കരിയർ നയം രൂപീകരിക്കുന്നത്.

ഇന്ന് സംസ്ഥാനത്ത് ലഭ്യമായിക്കൊണ്ടിരിക്കുന്ന കരിയർ ഡവലപ്‌മെന്റ് സേവനങ്ങൾ സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കും വിലയിരുത്തലുകൾക്കും വിധേയമാക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയിലെ അനന്തസാധ്യതകൾ പലവിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നു. നിലവിലുള്ള രീതികളിൽ വരുത്തുന്ന കാലികമായ ചെറിയ മാറ്റങ്ങളും ഇടപെടലുകളും കൊണ്ടുമാത്രം ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുക സാധ്യമല്ലെന്ന കാഴ്ചപ്പാടാണ് സംസ്ഥാന കരിയർ നയത്തിന് രൂപം നൽകാൻ പ്രേരകമായത്.

കരിയർ സംബന്ധമായ തീരുമാനം സ്വയം കൈക്കൊള്ളാൻ എല്ലാ വ്യക്തികളെയും പ്രാപ്തരാക്കുകയാണ് കരിയർ നയത്തിന്റെ അടിസ്ഥാന സമീപനം. പ്രൈമറി തലം മുതൽ പഠനം പൂർത്തിയാക്കുന്നതുവരെയുള്ള കാലയളവിൽ കരിയർ പരിശീലനവും ഉറപ്പുവരുത്തുന്നതിന് സർക്കാർ മുൻഗണന നൽകും.
ശാസ്ത്രമാനവിക-മാനേജ്‌മെന്റ് വിഷയങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന ദേശീയ സ്ഥാപനങ്ങളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം കിട്ടാവുന്ന നിലയിൽ പ്രവേശനാപരീക്ഷാ പരിശീലനപദ്ധതി ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.

ഗ്രാമീണമേഖലയിലെ കുട്ടികൾക്ക് സ്‌കൂളുകളും കോളേജുകളും വഴിയും തൊഴിൽരഹിതരായ യുവാക്കൾക്ക് ഗ്രാമീണലൈബ്രറികൾ, കലാസാംസ്‌കാരിക സംഘടനകൾ എന്നിവ വഴിയും കരിയർ വിജ്ഞാനം നൽകാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും.
സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടേയും സമഗ്ര പുരോഗതിക്ക് ഉതകുന്ന നിലയിൽ അവരുടെ കരിയർ ജീവിതം ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങളാണ് നയം വിഭാവനം ചെയ്യുന്നത്. വിദ്യാർത്ഥികളിലും യുവജനങ്ങളിലും ഉൾപ്പെടെ സമൂഹത്തിലാകെ സുപ്രധാനമായ പരിവർത്തനത്തിന് കരിയർ നയം വഴിയൊരുക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

ശില്പശാലയിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ കരട് കരിയർ നയം പ്രഖ്യാപിക്കും.
തൊഴിൽപരിശീലനരംഗത്തും നൈപുണ്യശേഷി വികസനത്തിലും സർക്കാർ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ സ്ഥാപനങ്ങളും കോഴ്‌സുകളും ആരംഭിക്കുന്നതും ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. കരിയർ ഡവലപ്‌മെന്റ് സെന്ററുകൾ എന്ന നൂതന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. സർക്കാർ മേഖലയിൽ രാജ്യത്ത് ആദ്യത്തെ കരിയർ ഡവലപ്‌മെന്റ് സെന്റർ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് തുടങ്ങിയത്. തുടർന്ന് ചിറ്റൂർ, നെയ്യാറ്റിൻകര, പാലോട്, കായംകുളം, എന്നിവിടങ്ങളിലും സെന്റർ തുടങ്ങി.

അടൂർ, വൈക്കം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സെന്റർ തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസുകളോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററുകളും പ്രവർത്തിക്കുന്നു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിനെ സംസ്ഥാന നൈപുണ്യവികസന മിഷനായി പ്രഖ്യാപിച്ചു. ചവറയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷൻ ആരംഭിച്ചു. 17 പുതിയ സർക്കാർ ഐ.ടി.ഐകളും ഈ കാലയളവിൽ ആരംഭിച്ചതായി മന്ത്രി വിശദീകരിച്ചു.