വർഷങ്ങളായി വീടില്ലാതെ പ്രയാസമനുഭവിക്കുന്നവർക്കും ഭിന്ന ശേഷിക്കാർക്കും മറ്റ് പലവിധ പ്രശ്നങ്ങളുമായി എത്തിയവർക്കും ആശ്വാസവും പ്രതീക്ഷയുമേകി പുറമേരി പഞ്ചായത്തിൽ ഒപ്പം അദാലത് പൂർത്തിയായി.
വിലാതപുരത്തുള്ള അനാമികയ്ക്ക് ചെറുപ്പം മുതൽ ശരീരം താനേ തടിച്ചു വരുന്ന അസുഖമാണ്. കൂടെ പ്രമേഹ രോഗവും അതിനായി ദിവസേന ഇൻസുലിനും.
അച്ഛൻ അശോകന് കൂലിപ്പണിയാണ്. മകളുടെ ചികിത്സ യ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനാണ് അമ്മ കമലയും അച്ഛനും അദാലത്തിനെത്തിയത്. ഇവരുടെ പ്രയാസങ്ങൾ കേട്ട ശേഷം കലക്ടർ ഇംഹാൻസിൽ സൗജന്യചികിത്സ ലഭ്യമാക്കാനാവശ്യമായ സഹായം നൽകുമെന്ന് അറിയിച്ചു. മറ്റു കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും ഉറപ്പ് നൽകി. ആശ്വാസത്തോടെയാണ് അവർ മടങ്ങിയത്.
പുറമേരി മുതുവത്തൂരിലെ ആദിഷ് കൃഷ്ണയ്ക്ക് ഓട്ടിസമാണ്. അതിനുള്ള ചികിത്സാ സഹായത്തിനാണ് അമ്മയെത്തിയത്.സ്വന്തമായി വീടില്ലാത്ത അരൂരിലെ കാഞ്ഞിരുള്ളതിൽ നാണുലൈഫ് പദ്ധതി പ്രകാരം വീട് ലഭ്യമാകുമോ എന്നറിയാനാണ് എത്തിയതെങ്കിൽ പുറമേരി പതിനേഴാം വാർഡിലെ രേഖ നടുക്കണ്ടി സുരക്ഷിതത്വവുമില്ലാത്ത
ഓലമേഞ്ഞ കട്ടപ്പുരയിൽ നിന്ന് മാറാൻ കഴിയുമെന്ന പ്രതീക്ഷയുമായി അടച്ചുറപ്പുള്ള വീടിനായുള്ള അപേക്ഷയുമായാണ് എത്തിയത്.
പുറമേരിയിലെ അരൂർ സ്കൂളിൽ ജലനിധി ഫണ്ട് ഉപയോഗിച്ച് കൂടുതൽ ടോയ് ലറ്റ് നിർമിക്കാൻ വില്ലേജ് ഓഫീസറോട് സ്ഥലപരിശോധന നടത്താൻ കലക്ടർ നിർദേശിച്ചു. അർഹതപ്പെട്ടവർക്ക് ലൈഫ് പദ്ധതി വഴി വീട് ലഭ്യമാക്കുമെന്ന് കലക്ടർ പറഞ്ഞു. എ പി എൽ, ബിപി എൽ കാർഡുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു.
ആകെ 138 അപേക്ഷക ളാണ് ലഭിച്ചത് .
അർഹതപ്പെട്ടവ വേഗത്തിൽ പരിഗണിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി.
പുറമേരി പഞ്ചായത്തിൽ ഹരിത കേരള മിഷന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ലൈഫ് പദ്ധതി പ്രകാരം നിലവിൽ സ്ഥലമില്ലാത്ത വ്യക്തികൾക്ക് സ്ഥലം കണ്ടെത്താൻ പഞ്ചായത്തും മറ്റു വകുപ്പുകളും ഉടൻ നടപടി സ്വീകരിക്കണമെന്നും കലക്ടർ പറഞ്ഞു. പഞ്ചായത്തിലെ അങ്കണവാടികൾ ക്രാഡിൽ അങ്കണവാടികളാക്കണമെന്നും കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പുറമേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ കലക്ടർ എസ് സാംബ ശിവറാവുവിന്റെ നേതൃത്വത്തിൽ നടത്തിയ പൊതുജന സമ്പർക്ക പരി പാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ അച്ചുതൻ, സെക്രട്ടറി എം രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രസീത കല്ലുള്ളതിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള പുളിയനാണ്ടിയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സുധീഷ് തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥൻമാരും പങ്കെടുത്തു.