* കാസർകോട് ആയംകടവ് പാലം ഉദ്ഘാടനം ചെയ്തു
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെയായി പൊതുമരാമത്ത് മേഖലയില്‍ മാത്രം 20,000 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബേഡഡുക്ക  പുല്ലൂര്‍ പെരിയ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആയംകടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 10,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലയില്‍ പുരോഗമിക്കുന്നു. ഇതു കൂടാതെ ബജറ്റില്‍ വകയിരുത്തിയ കോടി ക്കണക്കിന് രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. സുസ്ഥിരതയുള്ളതും പ്രകൃതി സൗഹൃദമായതുമായ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നു വരുന്നത്.
     അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. കാസര്‍കോട് ജില്ലക്കാരുടെ ചിരകാല സ്വപ്ന പദ്ധതിയായ ആയംകടവ് പാലം യാഥാര്‍ത്ഥ്യമായതോടെ കുണ്ടംകുഴി, കൊളത്തൂര്‍, കരിച്ചരി, ബേഡഡുക്കയിലുള്ളവര്‍ക്ക് പാലം വഴി എളുപ്പം പെരിയയിലെത്താം. മലബാറിലെ ഏറ്റവും ഉയരം കൂടിയ പാലമാണ് ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഉയരംകൊണ്ടും പ്രകൃതിഭംഗി കൊണ്ടും സമ്പന്നമായ ഈ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ പാലത്തോടനുബന്ധിച്ച് ടൂറിസ്റ്റു കേന്ദ്രത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. വന്‍തോതില്‍ വിനോദ സഞ്ചാരികളെ ഇവിടുത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അത് നാടിനാകെ സാമ്പത്തിക പരമായും സാംസ്‌കാരികമായും ഉണര്‍വ് പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കിയ സര്‍ക്കാരാണ് ഇത് : മന്ത്രി
ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കിയ സര്‍ക്കാരാണ് ഇവിടെയുള്ളതെന്ന് റവന്യുഭവന നിര്‍മ്മാണ വകുപ്പ്  മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ആയംകടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ആയംകടവ് പാലം യഥാര്‍ത്ഥ്യമായത്. ഉത്തര കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എന്ന ഖ്യാതി ഇതിന് സ്വന്തമാണെന്നും മന്ത്രി പറഞ്ഞു.