കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കാസര്‍കോട് കേരളത്തിന്റെ മുഖ്യധാരയിലേക്ക് വന്നിരിക്കുന്നുവെന്നും പിന്നോക്ക ജില്ലയെന്ന് ഇനി ആരും പറയരുതെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കരിവേടകം എ.യുപി സ്‌കൂളില്‍ നടന്ന ആനക്കല്ല് കരിവേടകം പൂക്കയം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലയിലെ ജനങ്ങളുടെ എക്കാലത്തേയും വലിയ ആവശ്യമാണ് ഗതാഗതയോഗ്യമായ റോഡ് എന്നത്.
ആനക്കല്ല് തുടങ്ങി മാലക്കല്ലുവരെ പത്ത് കിലോമീറ്റര്‍ വരുന്ന റോഡാണിത്. അതിന്റെ 5.500 കിലോമീറ്ററാണ് ഇപ്പോള്‍ അടിയന്തിരമായി അഭിവൃദ്ധിപ്പെടുത്തുന്നത്. ബാക്കി വരുന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 4.500 കിലോമീറ്റര്‍ റോഡുകൂടി ഉടന്‍ അഭിവൃത്തിപ്പെടുത്തുമെന്നും അടുത്ത ആഴ്ചയോടുകൂടി അതിനുള്ള ഭരണാനുമതി ലഭിക്കുമെന്നും കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടിരൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇതിന് പുറമെ മറ്റ് ഫണ്ടുകളുടെ ലഭ്യതയും അനുസരിച്ച് റോഡുപണിയിലേക്കായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യതയോടെ ഫണ്ട് നല്‍കുന്ന സര്‍ക്കാരാണ് നമുക്കുള്ളത്. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും റോഡുകള്‍ക്കും പാലങ്ങള്‍ക്കും തുടങ്ങി വിവിധങ്ങളായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ട്. കിഫ്ബിയും നബാര്‍ഡും ബജറ്റ് തുകയുമെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച് വരികയാണ്. മറ്റ് ജില്ലകള്‍ക്ക് നല്‍കുന്നതുപോലെ ഒരു പങ്ക് ലഭിക്കുന്നതിന് അപ്പുറം, നമുക്ക് കാസര്‍കോട് വികസന പാക്കേജ് ഫണ്ട് കൂടി ഉപയോഗപ്പെടുത്താന്‍ കഴിയും.
ഈ ഫണ്ടിന്റെ കൃത്യതയോടെയുള്ള ഉപയോഗത്തിനായി പുതിയ ഒരു ഓഫീസറെ നിയമിക്കണമെന്ന് മുഖ്യ മന്ത്രിയെ അറിയിച്ചപ്പോള്‍, അദ്ദേഹം സന്തോഷത്തോടെ അത് സ്വീകരിച്ച ശേഷം ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു. അദ്ദേഹത്തിന്റെ കൃത്യമായ നേതൃത്വത്തില്‍ ഇപ്പോള്‍ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗിയായി ഫണ്ട് വിനിയോഗിക്കുകയാണിപ്പോള്‍. പരാതികള്‍ ഉന്നയിക്കാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്. പ്രാധാന്യം അര്‍ഹിക്കുന്നത് ആദ്യം എന്ന മുറയ്ക്ക് സര്‍ക്കാര്‍ വിഷയങ്ങളില്‍ ഇടപെടുകതന്നെ ചെയ്യും. പ്രധാനപ്പെട്ട റോഡുകളുടെ പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഗ്രാമങ്ങളിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്ക് കൂടി സര്‍ക്കാര്‍ നേരിട്ട് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.