വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തിനായി എല്ലാവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ വൈവിധ്യവത്കരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. തൊണ്ടര്‍നാട് ചുരുളി ആദിവാസി കോളനിയില്‍ റേഷന്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയും ഗോതമ്പും മാത്രമല്ല ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളെല്ലാം റേഷന്‍ കട വഴി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായാണ് ശബരി തേയിലയെല്ലാം റേഷന്‍ കടവഴി വിതരണം ചെയ്യുന്നത്. റേഷന്‍ വിതരണം കാര്യക്ഷമമാക്കന്‍ കൂടുതല്‍ ധാന്യങ്ങളും പയറു വ്വര്‍ഗ്ഗങ്ങളും മണ്ണെണ്ണയുമെല്ലാം സബ്‌സിഡി നിരക്കിലും അല്ലാതെയും അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണെണ്ണ വിഹിതം കുറച്ചത് ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് പരിഹാരം കണ്ടെത്തും. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും റേഷന്‍ ഉറപ്പാക്കും. റേഷന്‍ വിതരണത്തിന് കുറ്റമറ്റ സംവിധാനമാണ് ഇവിടെ നിലവിലുള്ളത്.
ഇടത്തട്ടുകാരെ പൂര്‍ണ്ണമായും ഒഴിവാക്കിയത് ഈ മേഖലയ്ക്ക് ഗുണകരമായി. അര്‍ഹതയുള്ള ആര്‍ക്കെങ്കിലും റേഷന്‍ കിട്ടുന്നില്ലെങ്കില്‍ അതിന് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കും. തുക ഇവരില്‍ നിന്നും ഈടാക്കി ബന്ധപ്പെട്ടവര്‍ക്ക് റേഷന്‍ ബത്ത നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കിട്ടാത്ത സാഹചര്യമുണ്ടെങ്കില്‍ അദാലത്ത് നടത്തി റേഷന്‍ ഉറപ്പാക്കണം. ആദിവാസി കോളനിയിലേക്ക് റേഷന്‍ എത്തിക്കുന്ന സംവിധാനം ഇതിനകം ശ്രദ്ധനേടിയതാണ്. പരാതി രഹിതമായി ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം. സോഷ്യല്‍ ഓഡിറ്റ് ഇതിനായി ഏര്‍പ്പെടുത്തും. കമ്പ്യൂട്ടര്‍വത്കരിച്ചതോടെ റേഷന്‍ വിതരണ സംവിധാനം സുതാര്യമായെന്നും മന്ത്രി തിലോത്തമന്‍ പറഞ്ഞു. കോളനിയിലെ കൗണ്ടന്‍ ആനോത്തും അവ്വ ആനോത്തും മന്ത്രിയില്‍ നിന്നും റേഷന്‍ കിറ്റ് ഏറ്റുവാങ്ങി.
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബൂ, തൊണ്ടര്‍നാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രീത രാമന്‍, ഡി.എഫ്.ഒ രമേഷ് കൃഷ്ണ, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ഉസ്മാന്‍, ടി.ഡി.ഒ ജി.പ്രമോദ്, ആര്‍.സുനില, കെ.വി.പ്രഭാകരന്‍, ഊരു മൂപ്പന്‍ ചന്തു ചുരുളി, വിജയന്‍ ചെറുകര തുടങ്ങിയവര്‍ സംസാരിച്ചു.