ഉരുട്ടിക്കൊലയെ കുറിച്ച് മലയാളത്തില്‍ തന്നെ ചിത്രം എടുക്കുവാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് സ്വീകരിക്കാൻ നിര്‍മാതാക്കള്‍ തയ്യാറായില്ലന്നു മായിഘട്ട് ക്രൈം നമ്പര്‍ 103/2005 ന്റെ സംവിധായകൻ ആനന്ദ് മഹാദേവൻ .ആരെങ്കിലും തയ്യാറായാല്‍ ചിത്രം മലയാളത്തില്‍ എടുക്കാൻ താല്പര്യമുണ്ടെന്നും ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം പ്രേക്ഷകരുമായി സംവദിക്കവേ അദ്ദേഹം പറഞ്ഞു.
മായിഘട്ടിലൂടെ ഒരമ്മയുടെ ദുഃഖത്തേയും , പോലീസിന്റെ അക്രമ വാസനയേയും തുറന്നു കാട്ടാനാണ് താൻ ശ്രമിച്ചത് .നീതിയും ന്യായവും അന്യമാകുന്ന കാലത്ത് നീതിക്ക് വേണ്ടിയുള്ള ഒരമ്മയുടെ പോരാട്ടത്തിന്റെ വിജയമാണ് തന്റെ സിനിമയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന തന്റെ മകന്റെ കൊലപാതകത്തിന്റെ സിനിമാക്കാഴ്ചക്ക് സാക്ഷിയാകാൻ പ്രഭാവതിയമ്മ തന്നെ സംവിധായകനൊപ്പം എത്തിയിരുന്നു.തിങ്കളാഴ്ച്ച രാവിലെ 9.30 ന് കൃപയിലും ബുധനാഴ്ച്ച അജന്താ തിയേറ്ററിൽ ഉച്ച കഴിഞ്ഞു 3.15 നും ചിത്രത്തിന്റെ പുനഃ പ്രദർശനം നടക്കും.
ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ 13 വര്‍ഷത്തെ നിയമപോരാട്ടമാണ് സിനിമയുടെ പ്രമേയം.സിങ്കപ്പൂര്‍ മേളയില്‍ മികച്ച സിനിമ ,എഡിറ്റിംഗ് ,ഛായാഗ്രഹണം എന്നിവയ്ക്കും ,ഗോവന്‍ മേളയില്‍ മികച്ച നടിക്കും ഉള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിരുന്നു.