മാളിക പുറത്തമ്മയുടെ ശ്രീകോവിലിനരികിൽ ശ്രീ മണികണ്ഠ സ്വാമിയുടെ മണിമണ്ഡപത്തിനു മുന്നിൽ പ്രസാദ് ആറന്മുള പറകൊട്ടി പാടി തുടങ്ങിയിട്ട് അമ്പതാണ്ടായി. അച്ഛനോടൊപ്പം എട്ടു വയസ്സിൽ പതിനെട്ടാം പടി ചവിട്ടിയതാണ്. അന്നു തന്നെ അച്ഛന്റെ പരികർമിയായി. ഇതിനകം ശത്രുദോഷ നിവാരണത്തിന് തന്റെ മുന്നിൽ ലക്ഷക്കണക്കിന് അയ്യപ്പന്മാർ ഇരുന്ന് പ്രാർത്ഥിച്ചിട്ടുണ്ട്.

പറകൊട്ടി പാട്ട് അരനൂറ്റാണ്ടു മുമ്പുവരെ പതിനെട്ടാം പടിക്കു താഴെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് മാളിക പുറത്തിനടുത്ത് ഘോരവനത്തിൽ പുലികളെ കാണാമായിരുന്നുവെന്ന് അച്ഛൻ പറയുമായിരുന്നു. ഇപ്പോൾ തിരക്ക് കൂടി. എന്നാൽ 41 ദിവസം കഠിനവ്രതമെടുക്കാതെ വരുന്നവരിൽ ഭക്തി കുറയുന്നുവെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.

പണ്ട് ശബരിമല യാത്ര നഗ്ന പാദരായി കല്ലും മുള്ളും ചവിട്ടി പരമ്പരാഗത കാനന പാതയിലൂടെയായിരുന്നു. ഉൾവനങ്ങളിലെല്ലാം അയ്യപ്പ ശരണ മന്ത്രങ്ങളായിരുന്നു അന്ന്. ആത്മശുദ്ധീകരണമായിരുന്നു എല്ലാ അയ്യപ്പന്മാരുടേയും ലക്ഷ്യം. പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ ദർശിച്ച് സായൂജ്യം നേടി മാളിക പുറത്തമ്മയെ വണങ്ങി ദോഷ നിവാരണത്തിനായി പറകൊട്ടി പാടി ആത്മസായൂജ്യം നേടി മലയിറങ്ങുന്ന ഭക്തൻ പുതിയ മനുഷ്യനാകുന്നു.

പതിറ്റാണ്ടുകൾക്കു മുൻപ് നാൽപതോളം പേർ ഇവിടെ പറകൊട്ടി പാടിയിരുന്നു. ഇപ്പോൾ 14 പേരാണ് പറക്കൊട്ടി ദോഷമകറ്റുന്നത്. കോടതി വിധിയെ തുടർന്നാണിത്. പന്തള രാജകുമാരനായിരുന്ന ശ്രീമണികണ്ഠനെ ബാധിച്ച ശത്രുദോഷമകറ്റാൻ പരമശിവൻ മലവേടനായി കൊട്ടാരത്തിൽ വന്ന് ശത്രുദോഷം മാറ്റിയെന്നും ശബരിമലയിലെത്തുന്ന അയ്യപ്പന്മാരുടെ ദോഷമകറ്റാൻ ശിവ ഭഗവാന്റെ നിയോഗത്തിലാണ് പറ കൊട്ടുന്നതെന്നുമാണ് വിശ്വാസം. കൂടെയുള്ളവരെല്ലാം ബന്ധുജനങ്ങളാണ്. മുന്നിൽ ഇരിക്കുന്ന ഓരോ ഭക്തരെയും അയ്യപ്പനായി സങ്കല്പിച്ചാണ് പാടുന്നതെന്നും അവരുടെ ദോഷങ്ങൾ തങ്ങൾ ഏറ്റെടുക്കുന്നതായാണ് സങ്കൽപ്പമെന്ന് അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടിനകം ശബരിമലയിലുണ്ടായ മാറ്റങ്ങൾ വിസ്മയകരമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.