വികസന കാര്യത്തിൽ ഭരണ കക്ഷി -പ്രതിപക്ഷ ഭേദം പാടില്ലെന്നതാണ് സർക്കാർ നയമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ തിരുവോത്ത് ക്ഷേത്രം ചുള്ളിയിൽ താഴം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഭ്യമാകുന്ന എല്ലാ ഫണ്ടുകളും സംയോജിപ്പിച്ചു പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കണം. എം എൽ എ ഫണ്ട് ലഭിക്കാത്ത 21 വാർഡുകൾക്കായി ഇത്തവണ തുക അനുവദിച്ചതായും മന്ത്രി പറഞ്ഞു.
വികസന പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിന് തലക്കുളത്തുർ പഞ്ചായത്ത് കാണിച്ച ശുഷ്‌കാന്തി അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രകാശൻ മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ ടി പ്രമീള, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റൻറ് എൻജിനീയർ ഷബീല റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രിയുടെ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.