സൈക്കിളിനായി സ്വരൂപിച്ച പണം പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഒളവണ്ണ എ.എൽ.പി സ്കൂളിലെ നാലാം തരം വിദ്യാർത്ഥി ആദികേശിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സൈക്കിൾ. ആദികേശ് സംഭാവന നൽകിയ വിവരം പത്രത്തിലൂടെ അറിഞ്ഞ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി സ്കൂളിലെത്തി സൈക്കിൾ സമ്മാനിക്കുകയായിരുന്നു.
അച്ഛന്റെ കൈയില്‍ നിന്നു കിട്ടുന്ന നാണയത്തുട്ടുകൾ സൈക്കിള്‍ വാങ്ങാന്‍ വേണ്ടിയാണ് ആദികേശ് സ്വരൂപിച്ച് തുടങ്ങിയത്. ഈ തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അച്ഛനും അമ്മയ്ക്കും പൂർണ്ണ സമ്മതമായിരുന്നു. സ്കൂൾ പ്രധാനാധ്യാപകൻ എം രഞ്ജിത്താണ് അന്ന് തുക ഏറ്റുവാങ്ങിയത്. കെ ഗോപേഷ്, എം സുഷിലി ദമ്പതികളുടെ മകനായ ആദികേശ് നാലാം തരം വിദ്യാർത്ഥിയാണ്. പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളിലും ആദികേശ് അച്ഛനൊപ്പം സജീവമായി പങ്കെടുത്തിരുന്നു.