കൈരളി അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേളക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ തുടക്കമായി.  ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച്  സര്‍ക്കാര്‍ സ്ഥാപനമായ  കൈരളി നടത്തുന്ന ക്രാഫ്റ്റ് ബസാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്‌നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ കൗണ്‍സിലര്‍മാരായ അഡ്വ.  ലിഷ ദീപക്, ഇ പി ലത, ഇ ബീന , കൈരളി ഹാന്‍ഡി ക്രാഫ്റ്റ്‌സ് കണ്ണൂര്‍ മാനേജര്‍  കെ ഷൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ഡവലപ്‌മെന്റ്  കമ്മീഷണര്‍ ഹാന്റ്ക്രാഫ്റ്റ് സ്‌പോണ്‍സര്‍  ചെയ്തിരിക്കുന്ന മേള കേരള കരകൗശല കോര്‍പ്പറേഷനാണ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  കരകൗശല കൈത്തറി ഉല്‍പന്നങ്ങള്‍ മേളയിലുണ്ട്.  തൊഴിലാളികള്‍ക്ക് ഉല്‍പന്നങ്ങള്‍ നേരിട്ടു വില്പന നടത്താനുള്ള അവസരമാണ് മേളയില്‍ ലഭിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം കരകൗശല  കൈത്തറി സ്റ്റാളുകളിലായി  ഹൈദരാബാദ് പേള്‍  ആഭരണങ്ങള്‍ ,മധുര ,കാഞ്ചിപുരം സില്‍ക്ക് , കോട്ടണ്‍  സാരികള്‍ , രാജസ്ഥാന്‍ തുണിത്തരങ്ങള്‍,  ചന്ദനത്തിലും  വീട്ടിയിലും  തേക്കിലും മറ്റും തീര്‍ത്ത  കേരളത്തിന്റെ  തനതു കരകൗശല ശില്‍പങ്ങള്‍ , ലോക പ്രശസ്തമായ ആറന്‍മുള കണ്ണാടി,  ആഭരണപ്പെട്ടികള്‍ , വിഗ്രഹങ്ങള്‍ , മാറ്റുകള്‍ തുടങ്ങിയവ മേളയുടെ മുഖ്യ ആകര്‍ഷണമാണ്. രാവിലെ 10 മുതല്‍ രാത്രി 8 മണിവരെയാണ് പ്രവേശന സമയം.  ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. ഡിസംബര്‍ 31 വരെയാണ് മേള.