തരിശായി ഒരുതരി മണ്ണുപോലുമില്ല . പ്ലാസ്റ്റിക്ക് സംസ്‌കരണത്തിന് പ്രത്യേക യൂണിറ്റ്. പഞ്ചായത്തിന്റെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വിപണിയില്‍. ജില്ലയില്‍ ആദ്യമായി ജല ഗ്രാമസഭകള്‍, ഒടുവില്‍ എല്ലാത്തിനും അംഗീകാരമായി മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡും. ബേഡഡുക്കയിലെ ഹരിത വിശേഷങ്ങള്‍:
മണ്ണിനെ ജീവനോട് ചേര്‍ത്ത് പാടത്തിറങ്ങിയ, കൃഷി ആഘോഷമാക്കിയ ഒരു പഞ്ചായത്ത്- അതാണ് ബേഡഡുക്ക. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടത്തി വരുന്നത്. ആദ്യ പടിയായി തരിശ് രഹിത ഗ്രാമമാകാന്‍ നാടെമ്പാടും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.2016ല്‍ 70 ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 100 ഹെക്ടറോളം വളര്‍ന്നു കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ മികച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. നെല്‍കൃഷിക്കും പച്ചക്കറികള്‍ക്കും കൂലിച്ചെലവ് സബ്സിഡി, തെങ്ങ് -കവുങ്ങ് കര്‍ഷകര്‍ക്ക് ജൈവവളം, ജലസേചനത്തിന് പമ്പ്സെറ്റ്, പാടശേഖരങ്ങള്‍ക്ക് യന്ത്രോപകരണങ്ങള്‍, കാര്‍ഷിക കര്‍മ്മസേനയ്ക്ക് യന്ത്രോപകരണങ്ങള്‍, കശുമാവ് കൃഷി വ്യാപനത്തിന് തൈകള്‍ നല്‍കല്‍, മൃഗ സംരക്ഷണ മേഖലയില്‍ ക്ഷീര കൃഷിക്കാര്‍ക്ക് പാലിന് ഇന്‍സെന്റീവ്, പശുക്കളെ നല്‍കല്‍ എന്നിങ്ങനെ ഉല്‍പാദന നിരവധി പരിപാടികളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്.
ഇതിനായി ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത്തല സമിതി രൂപീകരിക്കുകയും അതിന്റെ തുടര്‍ച്ചയായി വാര്‍ഡ്തല സമിതികള്‍ രൂപീകരിച്ച് കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. സാമൂഹ്യ രാഷ്ട്രീയ രംഗത്തെയും സഹകരണ മേഖല, സാമൂഹ്യ-സന്നദ്ധ സംഘനകളുടെയും പാടശേഖര ഭാരവാഹികളുടെയും കൃഷിക്കാരുടേയും വിപുലമായ യോഗം വിളിച്ച് പദ്ധതി വിശദീകരണം നടത്തി. 15 അംഗങ്ങളെ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചു. രണ്ട് ജൈവ കര്‍ഷക സമിതികളും രൂപീകരിച്ചു.

ഒത്തുപിടിച്ചു, കൃഷിയിറക്കാന്‍..
പഞ്ചായത്തിനകത്തെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 30 സെന്റില്‍ കുറയാതെ കൃഷി ഇറക്കണമെന്ന നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തിനകത്തെ സഹകരണ സംഘങ്ങളെ ഉപയോഗപ്പെടുത്തിയും കൃഷി മെച്ചപ്പെടുത്തി. 2019 ല്‍ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് രണ്ട് ഏക്കറില്‍ നെല്‍കൃഷിയും ബേഡകം വനിതാ സംഘം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി 10 ഏക്കറില്‍ നെല്‍കൃഷിയും നടത്തി. കുണ്ടംകുഴി വനിതാ സംഘം 2.5 ഏക്കറില്‍ ജൈവപച്ചക്കറി കൃഷിചെയ്തു. യുവജന പങ്കാളിത്തത്തോട് കണ്ടം കൊത്തല്‍, നാട്ടി, കൊയ്ത്ത് എന്നിവയും പഞ്ചായത്ത് സംഘടിപ്പിച്ചു.സ്‌കൂളുകളില്‍ പി ടി എ യുടെയും കുട്ടികളുടെയും സഹകരണത്തോടെ ജൈവപച്ചക്കറികളും ഉണ്ടാക്കി. ഇക്കോഷോപ്പ്,വി എഫ് പി സി കെ ചന്ത, ആഴ്ച ചന്ത, എ-ഗ്രേഡ് ക്ലസ്റ്റര്‍ വിപണി എന്നിങ്ങനെ വിപണി സംവിധാനങ്ങളും കൊണ്ടുവന്നു. സ്വയം പര്യാപ്തത മുന്നില്‍കണ്ട് പഞ്ചായത്തിന്റെ തന്നെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും വിപണിയിലിറക്കി. ബേഡകം റൈസ്, ബേഡകം ജൈവ പച്ചക്കറി,ബേഡകം കുട, ബേഡകം ഫുഡ്സ് എന്നീ ബ്രാന്റുകളില്‍ ഉത്പന്നങ്ങള്‍ പഞ്ചായത്തില്‍ ലഭിക്കും.
മാലിന്യങ്ങളോട് ഗുഡ് ബൈ
മാലിന്യ സംസ്‌കരണത്തിന് വിവിധങ്ങളായ പദ്ധതികളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നത്. ആദ്യ ഘട്ടമെന്നോണം നാട്ടുകാരില്‍ അവബോധമുണര്‍ത്താന്‍ പ്ലാസ്റ്റിക്ക് ഹര്‍ത്താലുകളും, ശുചിത്വ സന്ദേശ പദയാത്രകളും, ശുചിത്വ ദീപം തെളിയിക്കലും സംഘടിപ്പിച്ചു. ഇതോടൊപ്പം ടൗണ്‍ ശുചീകരണം,ഡമ്പ് സൈറ്റ് ക്ലിയറന്‍സ് എന്നിങ്ങനെ വ്യത്യസ്ത പരിപാടികള്‍ നടത്തി. ജില്ലയില്‍ ആദ്യമായി ഹരിത കര്‍മ്മ സേനയ്ക്ക് രൂപം കൊടുത്ത പഞ്ചായത്താണ് ബേഡഡുക്ക. ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡിലും ഹരിത കര്‍മ്മ സേനകള്‍ രൂപീകരിച്ചു. വാര്‍ഡില്‍ തന്നെ ഒന്നും രണ്ടും ഗ്രൂപ്പുകളാക്കി വീടുകള്‍ നിശ്ചയിച്ച് നല്‍കിയ ശേഷം, നല്‍കിയ വീടുകളില്‍ കയറി ഇറങ്ങി അവര്‍ ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ മൊത്തമായി നെല്ലിയടുക്കത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ വ്യവസായിക പാര്‍ക്കിലുള്ള ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ എത്തിച്ച് തരംതിരിച്ച് സംസ്‌കരിക്കും. ഹരിതകര്‍മ്മ സേനയിലെ അംഗങ്ങളെ തെരഞ്ഞെടുത്തത് കുടുംബശ്രി അയല്‍ക്കൂട്ടങ്ങള്‍ വഴിയായിരുന്നു.
തെരഞ്ഞെടുത്ത ആളുകളെയും സിഡിഎസ് പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും യൂത്ത്കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി വിളംബര ഘോഷയാത്രയും മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് ശുചിത്വ പദയാത്രയും സംഘടിപ്പിച്ചു. 60 അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ഹരിതസകര്‍മ്മ സേന അംഗങ്ങള്‍ക്ക് ജില്ലാ മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയില്‍ നിന്നും പരിശീലനം ലഭിച്ചു. നിലവില്‍ പഞ്ചായത്തിലെ 8424 വീടുകളില്‍ നിന്നും അജൈവ മാലിന്യം ഹരിതകര്‍മ്മ സേന ശേഖരിക്കുന്നുണ്ട്.കൂടാതെ 420 കടകളില്‍ നിന്നും 71 സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ട്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 20 രൂപയാണ് യൂസര്‍ഫീ ആയി വാങ്ങുന്നത്. സ്ഥാപനങ്ങള്‍ ആണെങ്കില്‍ 30 രൂപയും. 17 വാര്‍ഡുകളിലായി വൃത്തിപ്പെട്ടികള്‍ എന്ന പേരില്‍ ആകെ 81 പ്രാദേശിക മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. പഞ്ചായത്തിലെ പ്രധാനപ്പെട്ട എട്ട് ടൗണുകളില്‍ കുപ്പികള്‍ ശേഖരിക്കാന്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ബോട്ടില്‍ ബൂത്തിലും വൃത്തിപ്പെട്ടികളിലും ശേഖരിക്കുന്ന പ്ലാസ്റ്റിക് ആണ് ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ എത്തിക്കുന്നത്. ഇതോടൊപ്പം 2016 ല്‍ ഹരിത നിയമവും ചട്ടങ്ങളും പഞ്ചായത്ത് പാസാക്കി. പഞ്ചായത്തിലെ സ്ഥാപന മേധാവികളുടെ യോഗം വിളിച്ച് ഹരിത ചട്ടം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഉത്സവങ്ങള്‍ക്ക് ഹരിത ചട്ടം കൊണ്ടു വരികയും വയനാട്ടു കുലവന്‍ പോലുള്ള പ്രധാന ഉത്സവങ്ങള്‍ക്ക് മുമ്പും ശേഷവും ശുചീകരണ യജ്ഞം നടത്തുകയും ചെയ്തു.

ജില്ലയില്‍ ആദ്യമായി ജല ഗ്രാമസഭകള്‍
ജില്ലയില്‍ ആദ്യമായി ജല ഗ്രാമസഭകള്‍ നടത്തിയ പഞ്ചായത്തും ബേഡഡുക്കയാണ്. ജലദിനത്തില്‍ ജലയാത്രയും ജലപാര്‍ലമെന്റും നടത്തി. പഞ്ചായത്തിന്റെ പ്രധാനപ്പെട്ട കുളങ്ങളുടെ കരയില്‍ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പ്രത്യേക ക്ലാസുകള്‍ നടത്തി. ഐ ഡബ്ല്യു എം പി യുടെ ഭാഗമായി ആദ്യഘട്ടത്തില്‍ മുണ്ടേന്‍പള്ളം, പറയംപള്ളം, മുന്നാട്, പൂക്കുന്നത്ത്പാറ നാല് പള്ളങ്ങള്‍ അഭിവൃദ്ധിപ്പെടുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 92 കിണറുകള്‍, 152 കുളങ്ങള്‍, 4000 മീറ്റര്‍ മണ്ണ് കയ്യാല, 30000 മീറ്റര്‍ കല്ല് കയ്യാല,പെര്‍ക്കൊലേഷന്‍ ടാങ്കുകള്‍, പൊതു കുളങ്ങളുടെ പുനരുദ്ധാരണം, കയര്‍ ഭൂവസ്ത്രം(കോട്ടവയല്‍-240 മീ.), പള്ളം പുനരുദ്ധാരണം എന്നീ പ്രവൃത്തികളും ഏറ്റെടുത്ത് നടത്തി. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ വിഹിതവും കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് 125 ളം വീടുകളില്‍ റീചാര്‍ജ് സംവിധാനം നടത്തി. പഞ്ചായത്തില്‍ തന്നെ കൂറ്റന്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ചു.ജലസംരക്ഷണത്തിന് ജലസാക്ഷരത പദ്ധതിയില്‍ വാര്‍ഡുകള്‍ തോറും മഴച്ചങ്ങാതികള്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി പ്രവര്‍ത്തനം നടത്തി.
ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പഞ്ചായത്ത് എന്ന വിലയിരുത്തലിലാണ് ഹരിതകേരളം മിഷന്‍ ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് – 2019 ബേഡഡുക്ക സ്വന്തമാക്കിയത്. ഹരിതകേരളം മിഷന്റെ ഉപമിഷനുകളായ ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസംരക്ഷണം-ജലസമൃദ്ധി, കൃഷി വികസനം-സുജലം സുഫലം എന്നിവയിലൂടെ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിനായി പരിഗണിച്ചത്.
കൂട്ടായ്മയ്ക്ക് കിട്ടിയ അംഗീകാരം-പഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി രാമചന്ദ്രന്‍ പറഞ്ഞു. ഹരിതകേരളം മിഷന്റെ ഉപമിഷനുകളായ ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസംരക്ഷണം-ജലസമൃദ്ധി, കൃഷി വികസനം-സുജലം സുഫലം എന്നിവയിലൂടെ നടപ്പാക്കിയ പദ്ധതികളാണ് ഹരിത അവാര്‍ഡിനായി പഞ്ചായത്തിനെ അര്‍ഹമാക്കിയത്. പഞ്ചായത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെയും സഹകരണ മേഖലയിലെയും സാമൂഹ്യ-സന്നദ്ധ സംഘനകളുടെയും തുടങ്ങി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാവരുടെയും കൂട്ടായ്മയ്ക്ക് കിട്ടിയ അംഗീകാരമാണിതെന്ന് അഡ്വ.സി രാമചന്ദ്രന്‍ പറഞ്ഞു.