കാക്കനാട്: കൂലി വർധനവാവശ്യപ്പെട്ട് നാഷണൽ ഫുഡ് സേഫ്റ്റി അതോറിട്ടി ഗോഡൗണിലെ കയറ്റിറക്ക് – ചുമട്ടു തൊഴിലാളികൾ ആരംഭിച്ച സമരം പിൻവലിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നിർദ്ദേശപ്രകാരം എ.ഡി.എം. കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ തൊഴിൽ, സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ തൊഴിലാളികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.
തൊഴിലാളികളുടെ ആവശ്യം പരിഗണിക്കുന്നതിന് ഈ മാസം 19 ന് ലേബർ കമ്മീഷണർ ചെയർമാനും സിവിൽ സപ്ലൈസ് ഡയറക്ടർ കൺവീനറായുമുള്ള സംസ്ഥാന തല സമിതിയുടെ യോഗം നടക്കുന്നുണ്ടെന്നും യോഗ തീരുമാനം വരെ സമരം പിൻവലിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം അംഗീകരിച്ചാണ് വ്യാഴാഴ്ച മുതൽ ആരംഭിച്ച സമരം പിൻവലിക്കാൻ തൊഴിലാളി യൂണിയനുകൾ തയ്യാറായത്. ചർച്ചകളിൽ ജില്ലാ ലേബർ ഓഫീസർ പി.രഘുനാഥ്, സപ്ലൈ ഓഫീസർ ജ്യോതി കൃഷ്ണ, ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ മഹേഷ്.ടി. പൈ എന്നിവരും തൊഴിലാളി യൂണിയൻ പ്രതിനിധികളും കരാറുകാരും പങ്കെടുത്തു.