പുതിയാപ്പ ഹാർബർ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. ഹാർബറിന് അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന് കൗൺസിലറുടെ അധ്യക്ഷതയിൽ നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. പുതുതായി നിർമ്മിക്കുന്ന റോഡ് ഹാർബർ വകുപ്പിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൗൺസിലർ യോഗത്തിൽ അറിയിച്ചു. കോസ്റ്റൽ റോഡുകളുടെ പുനരുദ്ധാരണ സ്കീമിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കും. തിങ്കളാഴ്ച ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കും. നിലവിൽ റോഡ് വീതി കൂട്ടുന്നതിന് ഹാർബർ വകുപ്പും നാട്ടുകാരും സ്ഥലം വിട്ടു നൽകേണ്ടതുണ്ട്.

യോഗത്തിൽ കൗൺസിലർ കെ നിഷ, ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ ലത, അസിസ്റ്റന്റ് എഞ്ചിനീയർ പി വി ഷീബ, ഷാജു, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.