രാജ്യത്തെ ആദ്യ സംരംഭം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ഔഷധ വിപണിയില്‍ മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സംസ്ഥാന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് മോണിറ്ററിംഗ് ആന്റ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയുടെ (KSPMRU – Kerala State Pharmaceutical Price Monitoring & Resource Unit Socitey) ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഔഷധ വില്‍പ്പന, വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഈ സംരംഭം രാജ്യത്ത് നടപ്പില്‍ വരുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുമായി ചേര്‍ന്നാണ് ഈ സംരഭം നടപ്പില്‍ വരുത്തുന്നത്.

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുത്ത സംരഭമാണ് സംസ്ഥാന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് മോണിറ്ററിംഗ് ആന്റ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മരുന്ന് നിര്‍മ്മാണവും വിതരണവും ലാഭമുണ്ടാക്കാനുള്ള മേഖലയായി ചിലയിടത്തെങ്കിലും മാറിയിട്ടുണ്ട്. ഗുണനിലവാരമുള്ളതും വിലകുറഞ്ഞതുമായ മരുന്നുകള്‍ ലഭ്യമാക്കാനാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ശ്രമിക്കുന്നത്. ഇത് മാതൃകാപരമായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ സുബ്ര സിംഗ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആയുഷ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ്. മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ‘മരുന്നുകളുടെ ലഭ്യത, സ്വീകാര്യത, താങ്ങാവുന്ന വില’ എന്ന വിഷയത്തില്‍ ചര്‍ച്ചകളും സംഘടിപ്പിക്കപ്പെട്ടു. കേരള സ്‌റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ഡോ. ബി. ഇക്ബാല്‍, എന്‍.പി.പി.എ. ഡയറക്ടര്‍ രാജേഷ് കെ. അഗര്‍വാള്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഗുജറാത്ത് ഫുഡ് ആന്റ് ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍, രാജസ്ഥാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍, സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഔഷധ വിപണന മേഖലയിലെയും നിര്‍മ്മാണ രംഗത്തെയും വിശിഷ്ട വ്യക്തികള്‍ തുടങ്ങി നൂറിലധികം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.