തോട്ടവിളകൾക്ക് വെള്ളം നനക്കാൻ സർക്കാർ സഹായം നൽകും- ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ കോക്കല്ലൂർ ചവിട്ടൻ പാറയിൽ ഹരിതസമൃദ്ധി ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവമായി മാറി. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തെങ്ങ്, കവുങ്ങ് തുടങ്ങിയ തോട്ടവിളകൾക്ക് വെള്ളം നനക്കാനുള്ള സാമ്പത്തിക സഹായം നൽകുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രിപ് ഇറിഗേഷൻ പദ്ധതിയിലൂടെ ഇറിഗേഷൻ വകുപ്പ് ആണ് സാമ്പത്തികസഹായം നൽകുക. ഇതിനായി കർഷക കൂട്ടായ്മകൾ കൃഷി ഓഫീസ് മുഖാന്തിരം മുന്നോട്ടു പോകുന്ന സാഹചര്യമുണ്ടായാൽ വകുപ്പിൽ നിന്നും സഹായം ലഭിക്കും. അടുത്ത വർഷം മുതൽ കേരളത്തിലെ വീടുകളിൽ ആവശ്യമായ പച്ചക്കറി സ്വന്തം പുരയിടത്തിൽ ഉത്പാദിപ്പിക്കണം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ പോവുകയാണ്. ഈ വിജയത്തിലേക്കുള്ള മാർഗത്തിന് വിശ്വസനീയമായ ഏജന്റ്മാരായി പ്രവർത്തിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അടുത്ത വാർഷിക പദ്ധതി തയ്യാറാക്കുമ്പോൾ തരിശു ഭൂമികളുടെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം എന്നും അദ്ദേഹം പറഞ്ഞു.പുരുഷൻ കടലുണ്ടി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഹരിത കുടുംബശ്രീ, നാട്ടുകൂട്ടം കൂട്ടായ്മ, സൗഭാഗ്യ സ്വയം സഹായ സംഘം, എം. എൻ. ആർ.ഇ. ജി. എസ് തൊഴിലാളി കൂട്ടായ്മ എന്നിവർ സംയുക്തമായാണ് അഞ്ചേക്കറിൽ ജൈവ കൃഷി ഇറക്കിയത്. വാർഡിലെ 467 കുടുംബങ്ങളിലും തരിശായിക്കിടന്ന ഭൂമികളിൽ കൃഷി ചെയ്ത് വരികയാണ്.വെണ്ട, പയർ, കയ്പ, വെള്ളരി, പടവലം, തക്കാളി, ചീര, കക്കിരി, മുളക്, വഴുതിന, ഇളവൻ, മത്തൻ തുടങ്ങിയവയെല്ലാം അഞ്ചേക്കറിൽ സമൃദ്ധമായി വളരുന്നു. നിരവധി ചെറുകിട, മൊത്തവ്യാപാര കച്ചവടക്കാരും വ്യക്തികളും പച്ചക്കറി വാങ്ങുന്നതിനായി ഇതിനോടകം കർഷക കൂട്ടത്തെ സമീപിച്ചു കഴിഞ്ഞു.ഉപഭോക്താക്കൾക്കായി ആവശ്യാനുസരണം കൃഷിയിടത്തിൽ തന്നെ പച്ചക്കറി വിൽപ്പന നടത്തും.

ജില്ലാകൃഷി ഓഫീസർ ആർ. ബിന്ദു പദ്ധതി വിശദീകരിച്ചു. കർഷക ഗ്രൂപ്പ്‌ കൺവീനർ എം. മുകുന്ദൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് ആദ്യവില്പന നടത്തി. ജൈവ കൃഷിക്കായി സ്ഥലം വിട്ടുനൽകിയ കൃഷ്ണൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർ എൻ. പി നദീഷ്‌ കുമാർ, സ്ഥിരം സമിതി അംഗങ്ങളായ പെരിങ്ങിനി മാധവൻ, കെ.കെ പരീദ്, കൃഷി ഓഫീസർ പി. വിദ്യ രാഷ്ട്രീയ കക്ഷി നേതാക്കൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.