കേരളത്തിലെ വികസന പ്രക്രിയയിൽ നിന്നും ഒരാൾ പോലും പുറത്താവരുത് -മന്ത്രി -ടി. പി രാമകൃഷ്ണൻ

കഴിഞ്ഞ മൂന്നര വർഷത്തിനിടെ വികസന പ്രവർത്തനങ്ങളിൽ കേരളം ഏറെ മുന്നോട്ട് പോയെന്നും വികസന പ്രക്രിയയിൽ നിന്നും ഒരാൾ പോലും പുറത്തായി പോവരുതെന്നും തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലൂടെ ഒന്നരലക്ഷത്തോളം പേർക്ക് വീട് നൽകാൻ സാധിച്ചു. മുഴുവൻ ആളുകൾക്കും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. ജനുവരി ഒന്ന് മുതൽ കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുകയാണ്. പ്ലാസ്റ്റിക്കിനെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് പ്രാവർത്തികമാക്കുന്നത്. ഇതിന് മുൻകൈ എടുക്കുന്നതും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഭരണ റിപ്പോർട്ട് പ്രകാശനം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കാർഷിക മേഖലയുടെ വികസനത്തിനായുള്ള നൂതന പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് നടപ്പിലാക്കണം. തരിശു രഹിത കേരളം പടുത്തുയർത്താനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.പേരാമ്പ്ര സുരഭി അവന്യൂവിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷതവഹിച്ചു.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മാരായ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ, എം. കെ നളിനി, കെ. പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാതല കമ്പവലി മത്സരം ക്രോസ് കൺട്രി റെയ്സ് തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനം മന്ത്രിമാർ ചേർന്ന് നിർവഹിച്ചു.

ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും 70 ഗ്രാമപഞ്ചായത്തുകളിലും സമഗ്ര വികസനം ലക്ഷ്യമാക്കി പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും കഴിഞ്ഞ നാലു വർഷങ്ങളിൽ വലിയ മുന്നേറ്റമാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തിയത്. ഡിസംബർ രണ്ടിനാണ് ജില്ലാ പഞ്ചായത്തിലെ ഭരണസമിതിയുടെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായത്. മെഡിക്കൽ ക്യാമ്പ്, ഭക്ഷ്യസുരക്ഷാ ക്യാമ്പ്, കായിക മത്സരങ്ങൾ, ഉപന്യാസ രചന, സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സ്ഥിരം സമിതി അംഗങ്ങളായ പി ജോർജ് മാസ്റ്റർ, മുക്കം മുഹമ്മദ്, പി കെ സജിത, സുജാത മനക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് വി.കെ വിനോദ്, വിവിധ ബ്ലോക്ക്‌, സ്വാഗത സംഘം ജനറൽ കൺവീനർ എ. കെ ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌മാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.