ഐ.എഫ്.എഫ്.കെ ലോക ഭൂപടത്തിൽ ഇടംനേടിയത് വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിൽ- മുഖ്യമന്ത്രി
വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് ലോകത്തെ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തിൽ ഐ.എഫ്.എഫ്.കെ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെട്ടവർക്കും പീഡിതർക്കും ഒപ്പമാണ് ഈ മേള എന്നും നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ പ്രാതിനിധ്യം മേളയിൽ ഉണ്ടാകുന്നത് അതിനാലാണ്. സാമ്രാജ്യത്വത്തിനെതിരായ നിലപാട് ഓരോ വർഷവും മേള ഊന്നിപ്പറയുന്നു.
മൂന്നാംലോക സിനിമയെന്ന വിപ്ലവകരമായ ചലച്ചിത്ര പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഫെർണാണ്ടോ സൊളാനസിനെ ആദരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. അർജൻറീനയിൽ ബഹുരാഷ്ട്ര കുത്തകകൾക്കെതിരെയും, നവലിബറൽ ശക്തികളുടെയും ചൂഷണത്തിനെതിരെ സോഷ്യലിസ്റ്റ് ആശയവുമായി ക്യാമറ ആയുധമാക്കി അദ്ദേഹം പോരാടി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോടതിയിൽ മൊഴി നൽകി മടങ്ങുമ്പോൾ വെടിയേറ്റു വീണപ്പോഴും നിലപാട് ഉയർത്തിപ്പിടിച്ച വിപ്ലവകാരിയാണ് അദ്ദേഹം. ‘അർജൻറീന മുട്ടുമടക്കില്ല, ഞാൻ നിശബ്ദനാകില്ല’ എന്നാണ് അപ്പോഴദ്ദേഹം പറഞ്ഞത്.
ജനാധിപത്യത്തിന്റെ ദൗർബല്യങ്ങൾക്കെതിരെയുള്ള പ്രതികരണങ്ങൾ നിശബ്ദമാക്കാനുള്ള ശ്രമങ്ങൾ അങ്ങിങ്ങ് നടക്കുന്ന ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ രാഷ്ട്രീയബോധമുള്ളവർക്ക് ആവേശം നൽകുന്ന സാന്നിധ്യമാണ് അദ്ദേഹത്തിന്റേത്. ഇന്ത്യൻ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ‘ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മൾ നിശബ്ദരാകാനും പോകുന്നില്ല’ എന്ന് ആവർത്തിക്കേണ്ടിയിരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സാമഗ്രാധിപത്യത്തിനും ഫാസിസത്തിനുമെതിരെ മുട്ടുകുത്താതെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നുപറയാനുള്ള നിശ്ചയദാർഢ്യം നേടുന്നതിനും സൊളാനസിനെപ്പോലുള്ളവരുടെ സിനിമകൾ നമ്മെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഫെർണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു.
സാംസ്‌കാരിക പ്രതിരോധത്തിന്റെ കോൺഫറൻസാണ് ഐ.എഫ്.എഫ്.കെയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. അതിനിർണായക പ്രതിരോധത്തിന്റെ ഊർജ്ജമാണ് ചലച്ചിത്രോത്സവം നൽകുന്നത്. ഉൾപ്പെടുത്തലാണ് ഇന്ത്യയുടെ ആശയവും ശക്തിയുമെന്നും അദ്ദേഹം പറഞ്ഞു. മേളയിലെ മാധ്യമ അവാർഡുകൾ സ്പീക്കർ വിതരണം ചെയ്തു.
വ്യത്യസ്തമായ ചിന്തകളും സമീപനങ്ങളുമാണ് ചലച്ചിത്രമേള പ്രോത്സാഹിപ്പിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. ചലച്ചിത്രമേളയുടെ സ്ഥിരംവേദിക്കായി കിൻഫ്ര പാർക്കിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തവർഷം മേളയുടെ രജതജൂബിലി ശ്രദ്ധേയമായി നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മേയർ കെ. ശ്രീകുമാർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാപോൾ, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.