ക്രിസ്മസ്-നവവത്സര ആഘോഷങ്ങളുമായി ഡി.ടി.പി.സി;
കൊച്ചി: എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് – നവവത്സര ആഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. ”സംഗമം-ദി കൊച്ചിന്‍ ഫെസ്റ്റിവല്‍” എന്ന പേരില്‍, പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തയാറെടുക്കുന്നത്. മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി മൂന്നു വരെ നീണ്ടുനില്‍ക്കുന്ന ”സംഗമം-ദി കൊച്ചിന്‍ ഫെസ്റ്റിവല്‍,” കൊച്ചി ഇന്നു വരെ കാണാത്ത ഭക്ഷ്യ-കലാ വിസ്മയങ്ങള്‍ക്ക് ആതിഥ്യമൊരുക്കും.

അന്താരാഷ്ട്ര ട്രാവല്‍ ഗൈഡായ ‘ലോണ്‍ലി പ്ലാനറ്റ്,’ 2020-ല്‍ കണ്ടിരിക്കേണ്ട ലോകത്തിലെ പ്രമുഖമായ പത്തു നഗരങ്ങളില്‍ ഒന്നായി കൊച്ചിയെ തിരഞ്ഞെടുത്ത വേളയിലാണ് ”സംഗമം-ദി കൊച്ചിന്‍ ഫെസ്റ്റിവല്‍” ഒരുങ്ങുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. ഭക്ഷണപ്രിയതയുടെയും വ്യത്യസ്തതകളുടെയും പേരില്‍ ‘ക്രിയേറ്റീവ് സിറ്റി ഓഫ് ഗ്യാസ്‌ട്രോണമി’ എന്ന യുനെസ്‌കോ അവാര്‍ഡും താമസിയാതെ കൊച്ചിയെ തേടിയെത്താനിരിക്കുകയാണ്. കേരളത്തിന്റെയും ഇന്ത്യയുടെയും ടൂറിസം ഭൂപടത്തില്‍ കൊച്ചി ഏറെ പ്രിയങ്കരിയായി വരുമ്പോള്‍, കൊച്ചി നിവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒരേപോലെ ആസ്വദിക്കാനുതകുന്ന വിധത്തിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഒരുങ്ങുന്നത്.
നഗരത്തില്‍ വിസ്മയം തീര്‍ക്കുന്ന ഫോറസ്റ്റ് തീം പവിലിയനാകും, ‘സംഗമ’ത്തിന്റെ മുഖ്യ ആകര്‍ഷണം. അന്താരാഷ്ട്ര തലത്തിലുള്ള വളര്‍ത്തോമനകളുടെ പ്രദര്‍ശനവും തീം പവിലിയനെ ശ്രദ്ധേയമാക്കും. വിവിധ സര്‍ക്കര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍, വ്യാപാര വിപണന മേള എന്നിവയും ”സംഗമം-ദി കൊച്ചിന്‍ ഫെസ്റ്റിവല്‍” കൊച്ചിക്കാര്‍ക്ക് പ്രിയപ്പെട്ട ആഘോഷമായി മാറ്റും.
ഭക്ഷ്യമേളയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണം ആസ്വദിക്കുവാനുള്ള അവസരമാണ് കൊച്ചി നിവാസികള്‍ക്കായി ഒരുങ്ങുന്നത്. കുടുംബശ്രീയുടെ വിവിധ ജില്ലകള്‍ ഒരുമിക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യമേള, പ്രമുഖ ഹോട്ടല്‍/റെസ്റ്റോറന്റ് ഗ്രൂപ്പുകളുടെ ഭക്ഷ്യമേള എന്നിവ രുചിമുകുളങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട അനുഭവമായി മാറും.
എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും സംഗമം വേദിയില്‍ ഉണ്ടാവും. കലാവിരുന്നുകളുടെ പശ്ചാത്തലത്തില്‍ ഭക്ഷണം ആസ്വദിക്കുവാനുള്ള സൗകര്യങ്ങളാണ് മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ഒരുങ്ങുന്നത്. കുക്കറി മത്സരങ്ങളും സെല്‍ഫി കോര്‍ണറുകളുമെല്ലാം ആസ്വാദകര്‍ക്ക് പുത്തന്‍ രസക്കാഴ്ചകളാവും.
സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ എസ്.സുഹാസ്, ഡി.ടി.പി.സി ഓണററി സെക്രട്ടറിയും സബ് കളക്ടറുമായ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികളാണ് പ്രവര്‍ത്തിച്ചുവരുന്നത്.
കൊമേഴ്‌സ്യല്‍ സ്റ്റാള്‍, ഫുഡ്സ്റ്റാള്‍ എന്നിവയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാര്‍ക്ക് അവന്യൂ റോഡിലുള്ള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0484 2367334. ഇ മെയില്‍: samgamamdtpcftseekm@gmail.com
24-നും 31-നും കരോള്‍ മത്സരവും ബാന്‍ഡ് മത്സരവും സംഗമം വേദിയില്‍ 
കൊച്ചി: കേരളത്തിലങ്ങോളമിങ്ങോളമുള്ള സംഗീത കലാകാരന്മാരെ ഒരു കുടക്കീഴില്‍ അണിനിരത്തി വ്യത്യസ്ത മത്സരങ്ങള്‍ സംഗമത്തോടനുബന്ധിച്ച് നടക്കും. ക്രിസ്മസ് തലേന്നായ 24-ന് വൈകുന്നേരം 5.30 മുതല്‍ കരോള്‍ ഗാന മത്സരം, സംഗമത്തിന്റെ മുഖ്യ വേദിയില്‍ നടക്കും. 31-ന് വൈകുന്നേരം 5.30 മുതല്‍ ബാന്‍ഡ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
മത്സരങ്ങള്‍ക്ക് പ്രവേശനഫീസില്ല. ഓരോ മത്സരത്തിനും 50,000, 75,000 എന്നിങ്ങനെ കാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.
മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടാം. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ തങ്ങളുടെ വിശദവിവരങ്ങള്‍ samgamamdtpcfestekm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചാല്‍ മതിയാവും.