തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. തുളു അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ലളിതകലാ സദനയില്‍ ദേശീയ തുളു സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ വിഷയമവതരിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29 അനുസരിച്ച് ഭാഷയും ലിപിയും സംസ്കാരവും എല്ലാം കാത്തുസൂക്ഷിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. കൂടാതെ ഭരണഘടനയുടെ ആമുഖം എല്ലാവര്ക്കും തുല്യപരിഗണനയും സമത്വവും ഉറപ്പ് നല്‍കുന്നുണ്ട്.
20 ലക്ഷം ആളുകള്‍ സംസാരിക്കുന്ന തുളു ഭാഷയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. ഭാഷയും സംസ്കാരവും സംരക്ഷിക്കേണ്ടതു നമ്മുടെ കടമയാണ.് തുളു ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാല്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അര്‍ഹമായ പരിഗണന തുളു ഭാഷയ്ക്ക് ലഭിക്കും. ഇതിലൂടെ തുളുഭാഷയിലുള്ള ഗ്രന്ഥങ്ങളും സാഹിത്യകൃതികളും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. തുളു ലിപിയിലുള്ള ‘തെമ്പരെ’ പുസ്തകം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പ്രകാശനം ചെയ്തു. തുളു അക്കാദമി ചെയര്മാന് ഉമേശ് എം സാലിയാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആര് ജയാനന്ത, നഗരസഭാംഗം അരുണ്‍ കുമാര്‍ ഷെട്ടി, തുളു അക്കാദമി സെക്രട്ടറി വിജയകുമാര്‍ പാവള, തുളു അക്കാദമി മെമ്പര്‍ രാമ കൃഷ്ണ കടമ്പാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.