*നട അടച്ചിടുന്നത്  7.30 മുതല്‍ 11.30 വരെ
*മാളികപ്പുറം ,പമ്പ തുടങ്ങിയ  ക്ഷേത്രങ്ങളിലും സമയക്രമം ബാധകം

2019 ഡിസംബര്‍ 26 ന് നടക്കുന്ന സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഗ്രഹണ സമയത്ത് തിരുനട തുറക്കുന്നതല്ല. സൂര്യഗ്രഹണ ദിവസം രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്രനട അടച്ചിടും. അന്നേ ദിവസം പുലര്‍ച്ചെ 3 മണിക്ക് ആണ് ക്ഷേത്രനട തുറക്കുന്നത്. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം ഉണ്ടാകും. ശേഷം ഉഷപൂജ കഴിച്ച് 7.30 ന് തിരുനട അടയ്ക്കും.

2019 ഡിസംബര്‍ 26 ന് രാവിലെ 8.06 മുതല്‍ 11.13 മണി വരെയാണ് സൂര്യഗ്രഹണം.ഗ്രഹണം കഴിഞ്ഞ്  11.30 ന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. ഇതിനു ശേഷം 1 മണിക്കൂര്‍ സമയം ഭഗവാന് നെയ്യഭിഷേകം ഉണ്ടായിരിക്കും. കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ. അതു കഴിഞ്ഞ് തിരുനട അടയ്ക്കും.മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും. അന്നേ ദിവസം വൈകുന്നേരം ശ്രീകോവില്‍ നട തുറക്കുന്നത് 5 മണിക്കായിരിക്കും.

5.30 ഓടെ തങ്ക അങ്കി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തിരുനടയില്‍ എത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ വച്ച് ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കും. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25 ഓടെ പതിനെട്ടാം പടി കയറി കൊണ്ടു വരുന്ന തങ്ക അങ്കിപ്പെട്ടി  ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. തങ്ക അങ്കിയുടെ  ശോഭയിലുള്ള അയ്യപ്പവിഗ്രഹം ദര്‍ശിച്ച് പുണ്യം നേടി ലക്ഷക്കണക്കിന് ഭക്തരായിരിക്കും  പ്രാര്‍ത്ഥനയോടെ പടിയിറങ്ങുക. രാത്രി 9.30 ന് അത്താഴപൂജ.10.50ന് ഹരിവരാസനം പാടി 11 മണിക്ക് തിരുനട അടയ്ക്കും.

മണ്ഡലപൂജ ദിനമായ ഡിസംബര്‍ 27ന് പുലര്‍ച്ചെ 3 മണിക്ക് ക്ഷേത്രനട തുറക്കും.3 .15 മുതല്‍ 7 മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 8 മണി മുതല്‍ 9.30 വരെ നെയ്യഭിഷേകം തുടരും. 10 മണിക്കും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. ഉച്ചക്ക് 1 മണിക്ക് നട അടയ്ക്കും.അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് നട വീണ്ടും തുറക്കും. ദീപാരാധന വൈകുന്നേരം 6.30ന്. അത്താഴപൂജ 9.30 ന്. രാത്രി 9.50 ന് ഹരിവരാസനം പാടി പൊന്നമ്പലത്തിന്‍ തിരുനട അടയ്ക്കും.ഇതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് പരിസമാപ്തിയാകും.

മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര തിരുനട ഡിസംബര്‍ 30 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.2020 ജനുവരി 15 നാണ് മകരവിളക്ക്. ജനുവരി 16 മുതല്‍ 19 വരെ പടിപൂജ,എഴുന്നെള്ളത്ത് എന്നിവ ഉണ്ടാകും.19 ന് രാത്രി മാളികപ്പുറത്ത് ഗുരുസി നടക്കും.19 ന് രാത്രി വരെ മാത്ര അയ്യപ്പഭക്തര്‍ക്ക് കലിയുഗവരദ ദര്‍ശനം ഉള്ളൂ.20ന് രാവിലെ പന്തളം കൊട്ടാരം പ്രതിനിധി അയ്യപ്പനെ ദര്‍ശിച്ചു കഴിഞ്ഞാല്‍ ശ്രീകോവില്‍ നട അടച്ച് മേല്‍ശാന്തിയും ഒപ്പം രാജപ്രതിനിധിയും പതിനെട്ടാം പടി ഇറങ്ങും. ഇരുവരും പടിക്ക് താഴെ എത്തിയാല്‍ പിന്നെ താക്കോല്‍ കൈമാറ്റ ചടങ്ങും പണക്കിഴി നല്‍കലും നടക്കും. പന്തളം രാജാവില്‍ നിന്ന് താക്കോല്‍ തിരികെ മേല്‍ശാന്തി കൈപ്പറ്റി സന്നിധാനത്തേക്ക് പോകുന്നതോടെ മകരവിളക്ക് ഉത്സവത്തിന് കൊടിയിറങ്ങും.