കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളെ സമന്വയിപ്പിച്ച്  കടലിലൂടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന കയാക്കിംഗ് പര്യടനം പാഡിൽ ഫോർ കേരള (കേരളത്തിനായ് തുഴയും) യുടെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്നിഹിതനായിരുന്നു.

വിഴിഞ്ഞം തുറമുഖത്ത് നിന്ന് ജനുവരി 30ന് ആരംഭിച്ച് കണ്ണൂരിലെ അഴീക്കൽ തുറമുഖത്ത് അവസാനിക്കുന്ന പര്യടനം മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 40 ബോട്ടുകളിലായി അതിവിദഗ്ധരായ 60 കയാക്കിംഗ് താരങ്ങളാണ് തുഴയുക. ഇവർക്ക് അകമ്പടിയായി ഇന്ത്യൻ നാവികസേന, തീരദേശ സേന, സംസ്ഥാന തീരസംരക്ഷണ സേന, മത്സ്യത്തൊഴിലാളികൾ എന്നിവർ അനുധാവനം ചെയ്യും.

സംസ്ഥാനത്തെ 1309 കടലോരഗ്രാമങ്ങളിൽ അധിവസിക്കുന്ന രണ്ടരകോടിയോളം വരുന്ന തീരദേശ ജനതയുടെ സമഗ്രവും സമൂർത്തവുമായ പുരോഗതിയാണ് തീരവികസനയാത്ര ലക്ഷ്യം വെയ്ക്കുന്നത്. തുറമുഖം, ഫിഷറീസ്, ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള തീരദേശ വികസനം, ജനകീയ പങ്കാളിത്തത്തോടെ തീരദേശ മാലിന്യ വിമുക്തമാക്കൽ എന്നിവയും നടപ്പാക്കും.

സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയിൽ പ്രതിദിനം 55 കിലോമീറ്ററാകും പിന്നിടുക. ഹാൾട്ടിങ്ങ് പോയിന്റുകളിൽ ജില്ലാ ഭരണ സംവിധാനങ്ങളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നേതൃത്വത്തിൽ കേരള മാരിടൈം ബോർഡ്, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഇന്ത്യൻ നാവിക സേന, കോസ്റ്റ് ഗാർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പര്യടനം.

തുറമുഖ വകുപ്പ് സെക്രട്ടറി, സഞ്ജയ് കൗൾ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി എം.ഡിയും സി.ഇ.ഒയുമായ ഡോ. ജയകുമാർ, നാവിക തീരദേശസേന ഉദ്യോഗസ്ഥർ, കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് ചെയർമാൻ കരമന ഹരി, പി. ശശിധരൻ നായർ, സുശീൽ നായർ തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.