കൊച്ചി: സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ യുവജനങ്ങളുടെ ചിത്രപ്രദർശനം തൈക്കൂടം ആസാദി കോളേജിൽ തുടങ്ങി.
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ട്രാൻസ്ജെൻഡർ യുവജനങ്ങൾക്കായി നടത്തുന്ന മാരിവില്ല് ’19 സംഗമത്തിന്റെ ഭാഗമായാണ് പ്രദർശനം.
ജി.സി.ഡി.എ .ചെയർമാൻ അഡ്വ.വി.സലീം പ്രദർശനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം അഫ്സൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി .ടി, ജില്ലാ യൂത്ത് കോഡിനേറ്റർ കെ.ടി.അഖിൽദാസ്, ക്യാമ്പി ഡയറക്ടറും ചിത്രകാരനും കേരള ലളിതകല അക്കാദമി മുൻ ചെയർമാനുമായ ടി.എ.സത്യപാൽ തുടങ്ങിയവർ സംസാരിച്ചു.
ചിത്രകലയിൽ താൽപര്യമുള്ള ട്രാൻസ്ജെൻഡർ യുവജനങ്ങളെ പരിശീലിപ്പിക്കുന്നതിന് നടത്തിയ ചിത്രകലാ ക്യാമ്പിൽ 20 പേരാണ് പങ്കെടുത്തത്. ഓരോരുത്തരും വരച്ച അഞ്ച് ചിത്രങ്ങൾ വീതമുള്ള 100 ചിത്രങ്ങളുടെ പ്രദർശനമാണ് ആസാദി ക്യാമ്പസിൽ നടക്കുക. ചിത്രങ്ങൾ വാങ്ങാനും അവസരം ലഭിക്കും.
ഒരടി വലുപ്പമുള്ള ക്യാൻവാസിൽ ആക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചത്. ചിത്രകാരനും കേരള ലളിതകല അക്കാദമി മുൻ ചെയർമാനുമായ ടി.എ.സത്യപാലിന്റെ നേതൃത്വത്തിലാണ് ചിത്രകലാ ക്യാമ്പ് നടത്തിയത്. ആർട്ടിസ്റ്റുകളും ആർട്ട് ടീച്ചർമാരുമായ സിന്ധു ദിവാകരൻ, രഞ്ജിത്ത് ലാൽ എന്നിവർ മാർഗ്ഗ നിർദ്ദേശം നൽകി.
ട്രാൻസ്ജെൻഡർ വിഭാഗത്തിലുൾപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ സംഗമത്തിന് നേതൃത്വം നൽകിയത്. തൊഴിൽ പരിശീലനം, ട്രാൻസ്ജെൻഡർ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം, പ്രതിഭാ സംഗമം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.