ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരത്ത് അത്യാധുനിക രീതിയിലുള്ള പുതിയ ബസ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് ഇനി അധികം താമസിയാതെ ഉയരും. കാലപ്പഴക്കം കൊണ്ട് പൊളിച്ചുമാറ്റിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിനു പകരമായി നിര്‍മ്മിക്കുന്ന പുതിയ നീലേശ്വരം നഗരസഭ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്ലാനിനും സൈറ്റ് പ്ലാനിനും സബ് കമ്മിറ്റി ശുപാര്‍ശ പ്രകാരം നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവിലെ താത്കാലിക ബസ് സ്റ്റാന്റിന് വടക്കു വശത്തായി റോഡിന് അഭിമുഖമായാണ് പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മിക്കുക.

മൂന്ന് നിലകള്‍,വിപുലമായ പാര്‍ക്കിങ് സൗകര്യം

മുന്‍സിപ്പാലിറ്റിക്ക് കീഴിലുള്ള 92 സെന്റ് സ്ഥലത്ത് 36,500 ചതുരശ്ര അടിയില്‍ മൂന്ന് നിലകളോടുകൂടിയ കെട്ടിട സമുച്ചത്തിനുള്ള പ്ലാനാണ് തയ്യാറായിരിക്കുന്നത്. ഈ കെട്ടിടത്തിന് 10 കോടി രൂപയുടെ മതിപ്പു ചെലവാണ് കണക്കാക്കുന്നത്. താഴത്തെ നിലയില്‍ 16 കടമുറികളും ഒന്നാംനിലയില്‍ 28 കടമുറികളും രണ്ടാംനിലയില്‍ 10 കടമുറികളും ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള എഴ് മുറികളുമാണ് പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 8000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കോണ്‍ഫറന്‍സ് ഹാളും ഉണ്ടാകും.

ഇതോടൊപ്പം ഓട്ടോറിക്ഷകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനവും ബസ് സ്റ്റാന്റിനുള്ളില്‍ ഒരുക്കും. ബസ് സ്റ്റാന്റിന്റെ താഴത്തെ നിലയിലായി കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമായി വിപുലമായ പാര്‍ക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.
ഒരേ സമയം 20 ല്‍പരം ബസുകള്‍ക്ക് സ്റ്റാന്റില്‍ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുതിനുമുള്ള സൗകര്യം പുതിയ ബസ് സ്റാന്റിനുണ്ടാകും. ബസ് കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ശാസ്ത്രീയ സംവിധാനങ്ങളോടെയുളള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബസ് സ്റ്റാന്റിലെ ശുചി മുറികളുടെ എണ്ണം പരമാവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ മുലയൂട്ടല്‍ കേന്ദ്രം, പോലീസ് എയ്ഡ് പോസ്റ്റ്, ഇന്‍ഫര്‍മേഷന്‍ കൗണ്ട്ര് തുടങ്ങിയ സൗകര്യങ്ങളും അനുബന്ധമായി ഒരുക്കും.
മലയോര മേഖലയില്‍ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന ബസ് സ്റ്റാന്റാണിത്.കാസര്‍കോടിന്റെ മലയാരമേഖലയിലേക്ക് ഇവിടെ നിന്ന് രാത്രി കാലങ്ങളിലും ബസ് സര്‍വ്വീസ് ഉണ്ട്.അതിനാല്‍ ദീര്‍ഘ യാത്ര കഴിഞ്ഞു വരുന്ന വിദ്യാര്‍ത്ഥികളും ഉദ്യാഗസ്ഥരും ജനങ്ങളുമൊക്കെ മലയോര മേഖലയിലേക്ക് പോകാന്‍ ഈ ബസ് സ്റ്റാന്റില്‍ എത്തുന്നു.വിപുലമായ സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റാന്റ് വരുമ്പോള്‍ ഇവരുടെ പ്രതീക്ഷകളാണ് ഉയരുന്നത്.കാലപ്പഴക്കത്തെ തൂടര്‍ന്ന് അപകടഭീഷണിയിലായ മുന്‍സിപ്പാലിറ്റി കേന്ദ്രത്തിലെ ബസ് സ്റ്റാന്റ് കോംപ്ലക്സ് പൊളിച്ചു നീക്കിയത്.പൊളിച്ചു മാറ്റിയ ബസ് സറ്റാന്റിന് പകരമായി താത്കാലിക ബസ് സ്റ്റാന്റ് നഗര സഭ ഒരുക്കിയിരുന്നു.പൊലീസ് എയ്ഡ് പോസ്റ്റും മുലയൂട്ടല്‍ കേന്ദ്രവും താത്കാലിക ബസ്റ്റാന്റില്‍ സജ്ജീകരിച്ചിരുന്നു.