സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനിലെ രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന് മുന്നോടിയായി നടത്തുന്ന ബ്ലോക്ക്തല ലൈഫ് കുടുംബ സംഗമത്തിന് ഡിസംബര്‍ 26ന് ജില്ലയില്‍ തുടക്കമാകും. ആദ്യ സംഗമം കടുത്തുരുത്തി  ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ 26ന് രാവിലെ 10ന് മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സി.കെ. ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മാ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മേരി സെബാസ്റ്റ്യന്‍, കലാ മങ്ങാട്ട്, കെ.കെ. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സ്ഥിരം  സമിതി അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലൈഫ് ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളുടെ സേവനം നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ സ്റ്റാളുകളും സംഗമ വേദിയില്‍ സജ്ജമാക്കും. ലൈഫ് മിഷനു കീഴില്‍ രണ്ടു ലക്ഷം വീടുകള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിച്ചതിന്‍റെ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.