കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക -സാംസ്‌കാരിക സംഗമ വേദിയായ സംസ്ഥാന കേരളോത്സവം ഡിസംബർ 26 മുതൽ 29 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അറിയിച്ചു. കേരളോത്സവത്തിന്റെ ഉദ്ഘാടനം  ഡിസംബർ 26-ന് വൈകുന്നേരം 6.30ന് ടാഗോർ തിയേറ്ററിൽ വ്യവസായ യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. 59 കലാമത്സരങ്ങളും 43 കായിക മത്സരങ്ങളുമാണ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്. 6500 ഓളം പ്രതിഭകൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർട്‌സ് കോളേജ്, ടാഗോർ തിയേറ്റർ, ഭാരത് ഭവൻ, ശിശുക്ഷേമ സമിതി , ജവഹർ ബാലഭവൻ എന്നിവടങ്ങളിലെ വേദികളിലായാണ് കലാമത്സരങ്ങൾ നടക്കുക. ഒന്നാം സ്ഥാനം നേടുന്ന ക്ലബ്ബിന് 1.5 ലക്ഷം രൂപയാണ് സമ്മാനം. വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 2500 രൂപയും ലഭിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എവർറോളിംഗ് ട്രോഫി നൽകും. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെ നടക്കുന്ന കേരളോത്സവത്തിന്റെ 31-ാം പതിപ്പാണിത്.