ഹരിതകേരളം മിഷന്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇനി ഞാന്‍ ഒഴുകട്ടെ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് നടന്നു.

കടപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന കാക്കയില്‍ തോട് പുനരുജീവന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് ഷിബു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി, ജനപ്രതിനിധികളായ സുരേഷ് പി. തോമസ്, മേരിക്കുട്ടി ജോണ്‍സണ്‍, പി.കെ നിര്‍മല, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ശാന്തകുമാര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍, പൊതുജനങ്ങള്‍, ഹരിത കേരളം മിഷന്‍ ആര്‍.പി വിശ്വനാഥന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു. നീര്‍ച്ചാല്‍ പുനരുജീവന യജ്ഞത്തോട് അനുബന്ധിച്ച് ജലപ്രതിജ്ഞയും നടന്നു.

പ്രമാടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്ലാവിള വാലുതുണ്ടില്‍ പടി തോടിന്റെ പുനരുജീവനപ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പദ്ധതി അവതരണം നടത്തി. പുഴകള്‍ സംരക്ഷിക്കേണ്ടത് ഒരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും, ഇതിനായി എല്ലാവരും മുന്നിട്ട് ഇറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു വാര്‍ഡുകളിലൂടെ കടന്നു പോകുന്ന തോടിന് 750 മീറ്റര്‍ ദൂരമാണുള്ളത്. പുനരുജീവന പ്രവര്‍ത്തനത്തില്‍ നൂറോളം ആളുകള്‍ പങ്കാളികളായി. തോട്ടിലും, വശങ്ങളിലുമുള്ള കളകള്‍ നീക്കം ചെയ്ത് വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനായി ആഴം കൂട്ടി.

തോട്ടിലൂടെ നീരൊഴുക്ക് സാധ്യമാകുന്നതോടെ കര്‍ഷകര്‍ക്ക് പ്രയോജനകരമാകും. തരിശുരഹിത പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ കര്‍ക്ഷകരുടെ ആവശ്യമായിരുന്നു തോടിന്റെ പുനരുജീവനം. തോട് പുനരുജീവനത്തെ തുടര്‍ന്ന് നീര്‍ച്ചാലിന്റെ ഇരുവശവും കയര്‍ ഭൂവസ്ത്രമിട്ടു സംരക്ഷിക്കാനും തീരുമാനമായി. നീര്‍ച്ചാല്‍ പുനരുജീവന യജ്ഞത്തോട് അനുബന്ധിച്ച്  കവി കോന്നിയൂര്‍ ദിനേശ് കവിത ചെല്ലി.

പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍  പഞ്ചായത്ത് അസിസ്റ്റന്റ്് സെക്രട്ടറി മിനി തോമസ,് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ. പ്രകാശ് കുമാര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, തൊഴിലുറപ്പ്, കൃഷി, സോയില്‍, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍ ആര്‍.പി ഷിറാസ്, ഗോകുല്‍, പൊതുജനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.