പത്തനംതിട്ട: ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കുമെന്ന്  വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.ഇലന്തൂര്‍  ബ്ലോക്ക്തല കുടുംബസംഗമത്തോട് അനുബന്ധിച്ചുളള സ്വാഗത സംഘ രൂപീകരണം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടു ലക്ഷം  വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി  നിര്‍വഹിക്കും.
 ഇതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് , നഗരസഭാ തലങ്ങളിലായി ജനുവരി 15 ന്  മുന്‍പായി ഗുണഭോക്താക്കളുടെ  കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കും. ഗുണഭോക്താക്കള്‍ക്ക് വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പ്/ഏജന്‍സികള്‍ മുഖേനയുള്ള എല്ലാ സേവനങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്നും എംഎല്‍എ പറഞ്ഞു.
ഇലന്തൂര്‍ ബ്ലോക്കിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും പി.എം.എ.വൈ യില്‍ വീട് ലഭിച്ചവര്‍ക്കുമാണ് കുടുംബ സംഗമം നടത്തുന്നത്.   ഇതോടൊപ്പം സിവില്‍ സപ്ലൈസ്, റവന്യൂ, പഞ്ചായത്ത്, ഐ.ടി വകുപ്പ്, ആരോഗ്യം , വ്യവസായ ഗ്രാമവികസനം തുടങ്ങിയ  സര്‍ക്കാര്‍  വകുപ്പ് , ഏജന്‍സികളില്‍ നിന്നുളള വിവിധ സേവനങ്ങളും  ലഭ്യമാക്കും.
 ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കുടുംബ സംഗമം  ജനുവരി നാലിന് കോഴഞ്ചേരിയില്‍ നടക്കും. ആന്റോ ആന്‍ണി എം.പി, വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അന്നപൂര്‍ണാദേവി എന്നിവര്‍  രക്ഷാധികാരികളും  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെറി മാത്യൂ സാം ചെയര്‍മാനും  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് ജനറല്‍ കണ്‍വീറുമായി സംഘാടക സമിതി രൂപീകരിച്ചു.
  ചടങ്ങില്‍  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു.  കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യം മോഹനന്‍ , മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍,  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ചെയര്‍മാന്‍ എന്‍. ശിവരാമന്‍, ലൈഫ് മിഷന്‍ ജില്ലാ  കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  സി.പി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.