പാലക്കാട്: കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ നാട്യശാലയില്‍ തുള്ളല്‍ മഹോല്‍സവത്തിന് തുടക്കമായി. തുള്ളല്‍ കലയുടെ വൈവിധ്യങ്ങള്‍ ആസ്വാദകരിലേക്കേതിക്കുന്ന അഞ്ച് അവതരണങ്ങളാണ് ആദ്യദിനത്തില്‍ അരങ്ങേറിയത്. ഘോഷയാത്ര എന്ന കഥയെ അടിസ്ഥാനമാക്കി കൂത്തുപറമ്പ് കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളലോടെ അരങ്ങുണര്‍ന്നു.
തുടര്‍ന്ന് കോട്ടയം ശ്രീവല്‍സം പ്രഭുല്‍ കുമാര്‍ അവതരിപ്പിച്ച ഗരുഡഗര്‍വ്വഭംഗം,
അമ്പലപ്പുഴ സുരേഷ് വര്‍മ്മയുടെ പാത്രചരിതം തുടങ്ങീ  ഓട്ടന്‍തുള്ളലുകളും ദൃശ്യഗോപിനാഥ് പുനലൂര്‍ അവതരിപ്പിച്ച നാളായണീചരിതം പറയന്‍തുളളല്‍, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം രാജേഷിന്റെ കല്യാണസൗഗന്ധികം ശീതങ്കന്‍ തുള്ളല്‍ എന്നിവയും അരങ്ങേറി. സാംസ്‌ക്കാരിക ഫെലോഷിപ്പ് കലാകാരന്‍മാരുടെ മിഴാവ് മേളവും ഉണ്ടായിരുന്നു. കുഞ്ചന്‍ നമ്പ്യാാര്‍ സ്മാരകം ചെയര്‍മാന്‍ ഇ.രാമചന്ദ്രന്‍ കലാകാരന്മാര്‍ക്ക് അ ഉപഹാരം നല്‍കി.

ഇന്ന് (ഡിസംബര്‍ 28) രാവിലെ 10 ന് കലാപീഠം വിദ്യാര്‍ഥികളുടെ അരങ്ങേറ്റത്തിന്റെ ഭദ്രദീപം തെളിയിക്കല്‍ പി.കെ.ജി.നമ്പ്യാര്‍, കലക്കത്ത് രാധാകൃഷ്ണന്‍, കുഞ്ചന്‍ സ്മാരകം ശങ്കരനാരായണന്‍ എന്നിവര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ഓട്ടന്‍തുളളല്‍, കര്‍ണാടകസംഗീതം, മൃദംഗം അരങ്ങേറ്റങ്ങള്‍ നടക്കും. വൈകീട്ട് നാലിന് അനുമോദന സദസ്സ് പി.ഉണ്ണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ: ടി.കെ.നാരായണന്‍ മുഖ്യാതിഥിയാവും. ചെയര്‍മാന്‍ ഇ.രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം യു. രാജഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്.ശിവരാമന്‍, പഞ്ചായത്ത് പ്രസിഡണ്ട് ദീപനാരായണന്‍, വൈസ് പ്രസിഡണ്ട്  വിജയകമാര്‍, സെക്രട്ടറി എ.കെ.ചന്ദ്രന്‍കുട്ടി, ഭരണ സമിതി അംഗങ്ങളായ എം.രാമകൃഷ്ണന്‍, സുനില്‍ പട്ടാമ്പി, മഞ്ഞള്ളൂര്‍ സുരേന്ദ്രന്‍, ഐ.എം.സതീശന്‍, ദിനേശ്ബാബു, മോഹന്‍ദാസ്, സ്റ്റാഫ് പ്രതിനിധി ബിന്ദു മോഹനകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് ആറിന് ഭരതനാട്യം, മോഹിനിയാട്ടം കലാ വിഭാഗത്തിന്റെ അരങ്ങേറ്റവും ഉണ്ടാകും.