ജനുവരി 15 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം

കണ്ണൂർ: പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2020 ഭാഗമായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ സഞ്ജയ് കൗള്‍ ജില്ലയിലെത്തി. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവൃത്തി പുരോഗതി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം വിലയിരുത്തി.

ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായും അദ്ദേഹം കൂടിയാലോചന നടത്തി. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിന് വിദ്യാലയങ്ങളില്‍ അംബാസഡര്‍മാരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഭിന്ന ശേഷിക്കാരില്‍ നിന്നുള്ള പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിന് അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാനും അദ്ദേഹം തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിലവിലെ കരട് വോട്ടര്‍ പട്ടികയില്‍ പലരുടെയും പേരുകള്‍ ഒഴിവാക്കപ്പെട്ടതായി രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കരട് പട്ടികയില്‍ ഒഴിവാക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ സഹിതം ജനുവരി 15ന് മുമ്പായി ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് തിരുത്തല്‍ അപേക്ഷ നല്‍കാന്‍ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ നിര്‍ദ്ദേശിച്ചു.

കരട് വോട്ടര്‍ പട്ടിക താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബിഎല്‍ഒമാര്‍ വശവും പരിശോധനയ്ക്ക് ലഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോര്‍ട്ടലിലും കരട് വോട്ടര്‍ പട്ടിക ലഭ്യമാണ്. പുതുതായി പേര് ചേര്‍ക്കാനോ പട്ടികയിലെ വിവരങ്ങള്‍ മാറ്റം വരുത്താനോ ആക്ഷേപങ്ങള്‍ ഉന്നയിക്കാനോ ജനുവരി 15 വരെ www.nvsp.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി കെ ബാബു, പാര്‍ട്ടി പ്രതിനിധികളായ പി പി ദിവാകരന്‍, വി മോഹനന്‍, കെ സി മുഹമ്മദ് ഫൈസല്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.