തിരുവനന്തപുരം : പ്ലാസ്റ്റിക് നിരോധനം ലക്ഷകണക്കിന് ഗ്രാമീണ കൈത്തറി മേഖലയിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് അനുഗ്രഹമാക്കി മാറ്റുകയാണ് കണ്ണൂര്‍ ഇട്ടിക്കുളങ്ങര എം.എ.എസ്.എസ്. ജി.എച്ച്.എസ്.സിലെ ഷാമിര്‍. കര്‍ഷകരിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രം പ്രതിവര്‍ഷം 23 കോടിയലധികം പ്ലാസ്റ്റിക് കവറുകളാണ് പ്രകൃതിയിലേക്ക് എത്തുന്നത്. ഇതിനെക്കാള്‍ പതിന്മടങ്ങാണ് സ്വകാര്യ ഫാമുകളിലൂടെ മണ്ണിലേക്ക് എത്തുന്ന പ്ലാസ്റ്റിക് കവറുകളുടെ എണ്ണം. ഇതിനൊരു പരിഹാരമായി ഖാദി തുണികൊണ്ടുള്ള ഗ്രോ ബാഗ് ഷാമിര്‍ മുന്നോട്ട് വെക്കുന്നത്.

ശാസ്ത്രീയപഠനങ്ങളിലൂടെ പരിസ്ഥിതിക്ക് ഇണങ്ങുന്നതാണെന്ന് കണ്ടെത്തിയ ഗ്രോബാഗ്, കൃഷിക്കും അനുയോജ്യമാണ്. ഇവയെക്കാള്‍ ഉപരി ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴിലവസരവും ഖാദി ഗ്രോബാഗ് ഒരുക്കുന്നു. ഡി.ടി കോറത്തുണി ഉപയോഗിച്ചുണ്ടാക്കിയ സഞ്ചികളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചപ്പോള്‍ പ്ലാസ്്റ്റിക് ബാഗുകളെക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച ചെടികള്‍ക്കുണ്ടായതായി കണ്ടെത്തി. ജലാംശം മിതമായി നിലനിര്‍ത്തിയും വായു സഞ്ചാരവും വേരുകള്‍ക്ക് പടരാനുള്ള സൗകര്യവും ഗ്രോ ബാഗില്‍ ലഭിക്കുന്നു. തുടര്‍ന്ന് നടേണ്ട സമയത്ത് വേരുകള്‍ക്ക് ഇളക്കം സംഭവിക്കാതെ ബാഗ് ഉള്‍പ്പെടെ മണ്ണിലേക്ക് നടുന്നു. 13 മുതല്‍ 18 മാസം കൊണ്ട് ഇത് ജൈവവളമായി മാറുന്നു. ഖാദി തുണികളിലൂടെ വളര്‍ച്ചാ സമയത്തെ ധാതുലവണങ്ങള്‍ ഒഴുകി നഷ്ടപ്പെടുന്നത് തടയാനും കഴിയുമെന്ന് ഷാമിര്‍ സ്ഥാപിക്കുന്നു. ഒരു മീറ്റര്‍ തുണിയില്‍ 30 ഗ്രോ ബാഗ് വരെ നിര്‍മിക്കാന്‍ കഴിയും. 4.50 രൂപ നിരക്കില്‍ ഇവ വിപണിയില്‍ എത്തിക്കാം. അന്താരാഷ്ട്ര തലത്തില്‍ വേണ്ടത്ര പ്രചരണം ലഭിച്ചുകഴിഞ്ഞാന്‍ കേരളത്തിലെ ഖാദി ഗ്രാമങ്ങളുടെ മുഖഛായമാറ്റാന്‍ കഴിയുമെന്ന് ഷാമീര്‍ പറയുന്നു.