ശബരിമല:മകരവിളക്കിനോടനുബന്ധിച്ച്  ശബരിമലയില്‍ സുരക്ഷ സന്നാഹങ്ങള്‍ സുസജ്ജമാക്കാന്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ജില്ല കളക്ടര്‍  പി.ബി നൂഹിന്റെ അധ്യക്ഷതയില്‍  ശബരിമല ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം  അവലോകനം ചെയ്തു.നാളെ(ഡിസംബര്‍ 30) വീണ്ടും നടതുറക്കുന്നതിനു മുന്നോടിയായി ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് പഴുതടച്ചുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.ഇത് പരിശോധിച്ചറിയാന്‍ മാളികപ്പുറത്ത് മോക്ക് ഡ്രില്ലും നടത്തി.

തിക്കുംതിരക്കും കാരണം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും കാര്യക്ഷമമായി പ്രതിരോധിക്കാനും വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ ഉദ്യോഗസ്ഥര്‍ ജില്ല ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ കളക്ടറോട് വിശദീകരിച്ചു. മകരവിളക്ക് തീര്‍ഥാടനകാലം സുഗമമാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.അടിയന്തര സാഹചര്യത്തില്‍ വേണ്ട ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ചുമതലയുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിധ്യം സദാ ഉറപ്പാക്കണം.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ട കര്‍മ്മ പദ്ധതികള്‍ എങ്ങനെ ഫലവത്താക്കാമെന്ന് യോഗത്തില്‍ ചര്‍ച്ചയായി.മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനംവരെയുള്ള സ്ഥലങ്ങളില്‍ എവിടെവേണമെങ്കിലും അപ്രതീക്ഷിത സാഹചര്യമുണ്ടാകാം എന്ന മുന്‍കരുതലോടെവേണം എല്ലാ വകുപ്പുകളും മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്.ശ്രദ്ധയില്‍പ്പെട്ട പോരായ്മകള്‍ തിരിച്ചറിഞ്ഞ് ഉടന്‍ പരിഹരിക്കണം.ആശുപത്രികളില്‍ അടിയന്തിര സാഹചര്യം നേരിടാനുള്ള ക്രമീകരണങ്ങള്‍ മുന്‍കൂറായിത്തന്നെ ഏര്‍പ്പെടുത്തണം.

ദുരന്ത നിവാരണ സാമഗ്രികളുടെ ലഭ്യത അതത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും ജില്ല കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ശബരിമല എ.ഡി.എം  ഉമേഷ്,തിരുവല്ല സബ് കളക്ടര്‍ വിനയ്‌ഗോയല്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് സി.ബിജു,ഡി.എം.ഒ  എ എല്‍  ഷീജ,പോലീസ് എ.എസ്.ഒ പൃഥ്വിരാജ്,ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി.വിജയന്‍, ദ്രുത കര്‍മ്മ സേന ഡെപ്യൂട്ടി കളക്ടര്‍ കെ. നിര്‍മ്മല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.