•  നബാര്‍ഡ് സംസ്ഥാനതല ക്രെഡിറ്റ് സെമിനാര്‍ സംഘടിപ്പിച്ചു
പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്‌സാഹനം നല്‍കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇതിന് നബാര്‍ഡിന്റെയുള്‍പ്പെടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്രെഡിറ്റ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ഗ്രാമത്തിലെയും വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റുന്ന ഏജന്‍സികളാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍. പല നിയന്ത്രങ്ങളും വന്നപ്പോള്‍ അവര്‍ മറ്റു പ്രവര്‍ത്തനങ്ങളിലേക്ക് പോകാതെ വായ്പ കൊടുക്കലും പലിശ വാങ്ങലും മാത്രമായി. പ്രാഥമിക കാര്‍ഷിക വായ്പ എന്ന ധര്‍മം പലരും മറന്നത് പുനഃസ്ഥാപിക്കാനാകണം.
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ എന്നത് നല്ല ആശയമാണ്. ഇത്തരം കാര്‍ഷിക സംരംഭങ്ങള്‍ കൂടുതല്‍ വ്യാപകമാകാന്‍ നബാര്‍ഡ് ചില കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തേണ്ടതുണ്ട്. നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയ ഓര്‍ഗനൈസേഷനുകളെ മാത്രമേ സഹായിക്കൂ എന്ന നയം മാറ്റണം. തുടക്കത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് അവര്‍ സമാഹരിച്ച മൂലധനം മാത്രം ഉപയോഗിച്ച് കഴിയണമെന്നില്ല. വലിയ പ്രവര്‍ത്തനത്തോടെ നല്ല തുടക്കമുണ്ടായാലേ ഇത്തരം കൂട്ടായ്മകള്‍ വളരൂ.
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ അക്ഷയനിധിയാണ് നാളികേരം. ഇതിലും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് നല്ല പങ്ക് വഹിക്കാനാകും. വെര്‍ജിന്‍ കോക്കനട്ട് ഓയിലും കോക്കനട്ട് ഷുഗറും ഉള്‍പ്പെടെ അനേകം ഉത്പന്നസാധ്യതകള്‍ തുറക്കാനാകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും നബാര്‍ഡിന്റെയും ഒരുമിച്ചുള്ള നല്ല ഇടപെടല്‍ ആവശ്യമാണ്.
കാര്‍ഷിക ഉത്പാദനത്തിലും നല്ല സാധ്യതകളുണ്ട്. കൃഷി ചെയ്യുന്ന സമയത്ത് സഹായിക്കുന്നതിനൊപ്പം ഉത്പന്നങ്ങളുടെ സംഭരണത്തിലും ശീതീകരണ, ഗോഡൗണ്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ ഒരുമിച്ച് ഉത്പാദിപ്പിക്കപ്പെടുന്നത് വില്‍ക്കാനാവാതെ നശിക്കും.
ഇക്കാര്യത്തില്‍ നബാര്‍ഡിന് നല്ല പങ്ക് വഹിക്കാനും പദ്ധതി തയാറാക്കാനുമാകും. പ്രാഥമിക ബാങ്കുകള്‍ മുഖേന ഈ സൗകര്യം സൃഷ്ടിക്കാന്‍ നബാര്‍ഡിന് ആവശ്യപ്പെടാവുന്നതാണ്. വായ്പകളിലൂടെയും മറ്റും അവര്‍ അത് ചെയ്യും. നബാര്‍ഡിന് ഇത് തിരിച്ചു ലഭ്യമാക്കാനും വഴികളുണ്ട്. റബറിന്റെ വിവിധ ഉത്പന്നങ്ങള്‍ക്കും വിപണന സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2018-19 ലേക്കുള്ള നബാര്‍ഡിന്റെ സ്‌റ്റേറ്റ് ഫോക്കസ് പേപ്പറിന്റെയും മേഖലാ വികസന പദ്ധതികളുടേയും പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ എസ്.എം.എന്‍ സ്വാമി, എസ്.എല്‍.ബി.സി കണ്‍വീനര്‍ ജി.കെ.മായ എന്നിവര്‍ സംസാരിച്ചു. നബാര്‍ഡ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന്‍ സ്‌റ്റേറ്റ് ഫോക്കസ് പേപ്പര്‍ വിശദീകരിച്ചു. നബാര്‍ഡ് സി.ജി.എം ആര്‍. സുന്ദര്‍ സ്വാഗതവും, ഡി.ജി.എം പി.ടി. ഉഷ നന്ദിയും പറഞ്ഞു.
1,37,257.76 കോടി രൂപയാണ് 2018-19 ലേക്കുള്ള സ്‌റ്റേറ്റ് ഫോക്കസ് പേപ്പറില്‍ വായ്പാ സാധ്യതയായി നബാര്‍ഡ് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴുശതമാനം അധികമാണ്. ഇതില്‍ 47 ശതമാനം കാര്‍ഷിക മേഖലയെയാണ് ലക്ഷ്യമാക്കുന്നത്.