വിയോജിപ്പുകളാണ് ജനാധിപത്യത്തിന്റെ സത്ത:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വിയോജിപ്പുകളാണ് ജനാധിപത്യത്തിന്റെ സത്തയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ ചരിത്രകാരന്‍മാരുടെ ഏക ദേശീയ സംഘടനയായ  ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ എണ്‍പതാമത് സെഷന്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ചര്‍ച്ചകള്‍ക്ക് നേരെ വാതില്‍ കൊട്ടിയടക്കുമ്പോള്‍ നിങ്ങള്‍, ഹിംസയുടെ സംസ്‌കാരത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളന വേദി രാഷ്ട്രീയ പ്രസംഗം നടത്താനുള്ള വേദിയല്ലെന്നും ചരിത്ര കോണ്‍ഗ്രസിന്റെ മറ്റ് സെഷനുകള്‍ അതിനായി ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം തുടക്കത്തില്‍ പറഞ്ഞു.

ജനാധിപത്യത്തിന് ആരോഗ്യകരമായ സംവാദവും ചര്‍ച്ചകളും ആവശ്യമാണ്. തനിക്ക് എതിരായി സമരം നടത്തിയവരെ താന്‍ ചര്‍ച്ചയ്ക്കും സംവാദത്തിനും ക്ഷണിക്കുന്നു. ഈ നിയമത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ശരിയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പക്ഷേ, അത് തെറ്റാവാം എന്ന വസ്തുത താന്‍ മനസ്സിലാക്കുന്നു. നിയമത്തെക്കുറിച്ച് അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയുക സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമാണ്. സ്വന്തം അഭിപ്രായം ഉയര്‍ത്തിപ്പിടിക്കാനും എതിര്‍ക്കാനുമുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. ഒരു വ്യക്തിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസം കാണിക്കാന്‍ കഴിയില്ല. പക്ഷേ, രാജ്യത്ത് വിഭജനം അസാധാരണമായ സാഹചര്യം സൃഷ്ടിച്ചു. കേരളത്തിലെ ജനങ്ങളെ വിഭജനം ബാധിച്ചില്ല.

ഗവര്‍ണര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയും നിയമവും സംരക്ഷിക്കാനാണ് താന്‍ സത്യപ്രതിജ്ഞ എടുത്തതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 1986ല്‍ 35ാം വയസ്സില്‍ ഭരണഘടനയ്ക്ക് ഭീഷണിയായ നിയമം പാസാക്കിയപ്പോള്‍ താന്‍ സ്ഥാനം രാജി വെക്കാന്‍ ഒരു നിമിഷം ആലോചിച്ചില്ലെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.
തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ജനറല്‍ പ്രസിഡന്റ് സ്ഥാനം ആക്ടിംഗ് പ്രസിഡന്റ് പ്രൊഫ. ഇര്‍ഫാന്‍ ഹബീബില്‍ നിന്ന് പ്രൊഫ. അമിയ കുമാര്‍ ബാഗ്ചി ഏറ്റെടുത്തു. തുടര്‍ന്ന്, പ്രൊഫ. അമിയ കുമാര്‍ ബാഗ്ചി അധ്യക്ഷ പ്രസംഗം നടത്തി.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, കെ കെ രാഗേഷ് എം പി, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ആക്ടിംഗ് പ്രസിഡന്റ് പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്, സെക്രട്ടറി പ്രൊഫ. മഹാലക്ഷ്മി രാമകൃഷ്ണന്‍, സിന്‍ഡിക്കേറ്റ് അംഗം ബിജു കണ്ടക്കൈ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്‍മാന്‍ ഡോ. പി കെ മൈക്കിള്‍ തരകന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. കെ കെ എന്‍ കുറുപ്പ്, പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. പി. ടി രവീന്ദ്രന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ചരിത്രകാരന്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മികച്ച ചരിത്ര പുസ്തകങ്ങള്‍ക്ക് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. രാമചന്ദ്ര ഗുഹയുടെ ഗാന്ധി: ദി ഇയേഴ്‌സ് ദാറ്റ് ചെയ്ഞ്ച്ഡ് ദി വേള്‍ഡ് 1914-1948 എന്ന പുസ്തകം എച്ച് കെ ബര്‍പുജാരി ദേശീയ അവാര്‍ഡിന് അര്‍ഹമായി. സര്‍വാനി ഗൂപ്തുവിന്റെ ദി മ്യൂസിക് ഓഫ് നാഷന്‍ഹുഡ്: ദ്വിജേന്ദ്രലാല്‍ റോയ് ഓഫ് ബംഗാള്‍ എന്ന പുസ്തകം ഹിര ലാല്‍ ഗുപ്ത റിസേര്‍ച്ച് അവാര്‍ഡ് നേടി. രാജീവ് കിന്റയുടെ റൈറ്റിംഗ് സെല്‍ഫ് റൈറ്റിംഗ് എംപയര്‍ എന്ന കൃതിയാണ് മുഹമ്മദ് ഹബീബ് മെമ്മോറിയല്‍ പ്രൈസിന് അര്‍ഹമായത്.

അലക ആത്രേയ ചുഡാല്‍ എഴുതിയ എ ഫ്രീ തിങ്കിംഗ് കള്‍ച്ചറല്‍ നാഷനലിസ്റ്റ്: എ ലൈഫ് ഹിസ്റ്ററി ഓഫ് രാഹുല്‍ സാകൃത്യായന്‍, സാവിത്രി ചന്ദ്ര ശോഭ മെമ്മോറിയല്‍ പ്രൈസും അഞ്ജലി വര്‍മയുടെ വിമിന്‍ ആന്റ് സൊസൈറ്റി ഇന്‍ ഏര്‍ളി മിഡീവല്‍ ഇന്ത്യ: റീഇന്റര്‍പ്രെട്ടിംഗ് എപ്പിഗ്രാഫ്‌സ്, ബജാജ് ദേവ് പ്രസാദ് മെമ്മോറിയല്‍ പ്രൈസും ഹാര്‍മണി സിഗന്‍പൊറിയയുടെ അയാം ദി വിഡോ: ആന്‍ ഇന്റലക്ച്വല്‍ ബയോഗ്രഫി ഓഫ് ബെഹ്‌റാംജി മലബാരി, സ്‌നേഹ് മഹാജന്‍ അവാര്‍ഡും കരസ്ഥമാക്കി. ഇതിനു പുറമെ, 79-ാമത് ഹിസ്റ്ററി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച മികച്ച ഉപന്യാസങ്ങള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി അക്കാദമിക് സെഷനുകളില്‍ ആധുനിക ഇന്ത്യ, സമകാലിക ഇന്ത്യ, മധ്യകാല ഇന്ത്യ, പുരാതന ഇന്ത്യ, ആര്‍ക്കിയോളജി, ഇതര രാജ്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങള്‍ നടന്നു. ഞായറാഴ്ച ‘സ്ത്രീ’ എന്ന വിഷയത്തില്‍ അലിഗഡ് യൂനിവേഴ്‌സിറ്റി പാനല്‍ ചര്‍ച്ചയും കേരള ചരിത്രം പാനല്‍ ചര്‍ച്ചയും ദലിത് ചരിത്രം പാനല്‍ ചര്‍ച്ചയും ദല്‍ഹി പാനല്‍ ചര്‍ച്ചയും വിവിധ പ്രബന്ധവതരണങ്ങളും നടക്കും. തിങ്കളാഴ്ച സമാപന ദിവസവും വിവിധ പ്രബന്ധവതരണങ്ങള്‍ ഉണ്ടാവും. രാജ്യത്തിന്റെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള എണ്ണൂറോളം പ്രതിനിധികള്‍ മൂന്ന് ദിവസം കണ്ണൂര്‍ സര്‍വകലാശാല താവക്കര കാമ്പസില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.